May 2, 2026

മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ നടപ്പായില്ല: സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍

0
site-psd-60
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാകാത്തതില്‍ പ്രതിഷേധവുമായി എഐടിയുസി അഫിലിയേഷനുള്ള സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍. സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂണിയന്‍ നടത്തിയ അഞ്ചുദിവസത്തെ രാപകല്‍ സമരത്തെത്തുടര്‍ന്ന് ഏപ്രില്‍ 29നും ഓഗസ്റ്റ് ആറിനും പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതിലാണ് സിപിഐ അനുകൂല യൂണിയന് പ്രതിഷേധം.

സ്‌കൂള്‍ പാചകത്തൊഴിലാളികളെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ ഉത്തരവായിരുന്നു. 2015ല്‍ മിനിമം കൂലി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2016ല്‍ മിനിമം കൂലിയും ആനുകൂല്യങ്ങളും നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കി. ഇഎസ്ഐയും പ്രൊവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തുമെന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ വര്‍ക്ക് പ്ലാനിലൂടെ പ്രഖ്യാപിച്ചു. അവധിക്കാല സമാശ്വാസമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ 2,000 രൂപ വീതം അനുവദിച്ചു. മിനിമം കൂലി 700 രൂപയാക്കുമെന്ന് പിന്നീട് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് വാഗ്ദാനം ചെയ്തു. എന്നാല്‍ 2021ല്‍ വീണ്ടും അധികാരത്തില്‍വന്ന ഇടതുസര്‍ക്കാര്‍ പ്രകടന പത്രികയിലെ മിനിമം കൂലി വാഗ്ദാനം പാലിച്ചില്ല. തന്നെയുമല്ല, മിനിമം വേതന പരിധിയില്‍നിന്ന് സ്‌കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കി ഉത്തരവിറക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന യൂണിയന്റെ നിരന്തര ആവശ്യം നിരാകരിച്ചു. ഈ പശ്ചാത്തലത്തിലാണ് യൂണിയന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അഞ്ച് ദിവസം നീണ്ട സമരം സംഘടിപ്പിച്ചത്.

മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. വേതനം എല്ലാമാസവും അഞ്ചിനകം വിതരണം ചെയ്യും. കേന്ദ്ര വിഹിതം വൈകിയാലും സംസ്ഥാന വിഹിതം കൃത്യമായി അനുവദിക്കും. മിനിമം വേതന പരിധിയില്‍നിന്നു സ്‌കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കും. ഇന്‍ഷ്വറന്‍സ് പരിരക്ഷ, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ഏപ്രന്‍, ക്യാപ് തുടങ്ങിയവ ലഭ്യമാക്കും. വിദ്യാര്‍ഥി-തൊഴിലാളി അനുപാതം പുനര്‍നിര്‍ണയിക്കും. വിരമിക്കല്‍ പ്രായവും ആനുകൂല്യവും നിശ്ചയിക്കും എന്നിങ്ങനെ തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ ഉണ്ടായത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ ഒന്നുപോലും നടപ്പായില്ല.
നല്‍കിവന്നിരുന്ന സംരക്ഷണം എടുത്തുകളഞ്ഞത് ഇടതുപക്ഷ സര്‍ക്കാരിന് നിരക്കുന്ന നടപടിയല്ലെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ പി.ജി. മോഹനന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി സെലീന സന്തോഷ്, വൈത്തിരി ഉപജില്ലാ സെക്രട്ടറി ജെസി ദേവന്‍, ബത്തേരി ഉപജില്ലാ സെക്രട്ടറി എം. സുല്‍ഫത്ത് എന്നിവര്‍ പറഞ്ഞു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നതിന് മന്ത്രിസഭയിലെ സിപിഐ അംഗങ്ങളായ നാലു പേര്‍ക്കും എഐടിയുസി സംസ്ഥാന സെക്രട്ടറിക്കും യൂണിയന്‍ കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 15ന് കളക്ടറേറ്റ് പടിക്കല്‍ നില്‍പ്പുസമരം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *