സമഗ്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രം: സ്ത്രീകള്‍ക്ക് പരിശീലന സൗകര്യം മൂന്നു മാസത്തിനകം
കല്‍പ്പറ്റ: സഹാറ ഭാരത് ഫൗണ്ടേഷനു കീഴില്‍ പിണങ്ങോട് മൂരിക്കാപ്പില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് പരിശീലന സൗകര്യം മൂന്നു മാസത്തിനകം ഒരുക്കും. ഇതിനുള്ള നീക്കം പുരോഗതിയിലാണെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് പി.പി. അബ്ദുള്‍ഖാദര്‍, വര്‍ക്കിംഗ് സെക്രട്ടറി സി.എച്ച്. സുബൈര്‍, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഇല്യാസ് തരുവണ, അഡ്മിനിസ്ട്രേറ്റര്‍ സി.ഇ.എ. ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്രത്തില്‍ താമസവും പരിശീലനവും സൗജന്യമായിരിക്കും.
നടത്തിപ്പിന് വലിയ ചെലവ് വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളില്‍നിന്നു സംഭാവന സ്വീകരിക്കും.ഭിന്നശേഷി സമൂഹത്തിന്റെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് ഡബ്ല്യുഎംഒയും സന്നദ്ധ പ്രസ്ഥാനമായ തണലും ചേര്‍ന്നു 2022ല്‍ രൂപം നല്‍കിയതാണ് സഹാറ ഭാരത് ഫൗണ്ടേഷന്. ഡബ്ല്യുഎംഒയിലെയും തണലിലെയും 21 വീതം അംഗങ്ങളാണ് ഫൗണ്ടേഷന് ഭരണസമിതിയില്‍. മൂരിക്കാപ്പില്‍ 12 ഏക്കറിലാണ് പുനരധിവാസ കേന്ദ്രം സജ്ജമാക്കുന്നത്. ഒമ്പത് മാസമായി കേന്ദ്രത്തില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള 127 പുരുഷന്മാര്ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് പരിശീലന സൗകര്യം ഒരുക്കുന്നത്.
സമീപഭാവിയില്‍ ആറു മാസം മുതല്‍ ആറു വയസുവരെയും ആറ് വയസ് മുതല്‍ 18 വയസുവരെയും 18ന് മുകളിലും പ്രായമുള്ളവര്‍ക്ക് ആണ്, പെണ് വ്യത്യാസമില്ലാതെ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് സൗകര്യമാകും. ആറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയാണ് പരിശീലനം നല്‍കുക. 18 വയസിനു മുകളിലുള്ളവരെ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ അഭ്യസിപ്പിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകള്‍, അധ്യാപകര്‍, പരിശീലകര്‍ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തില്‍ ഉണ്ടാകും. പ്രസവകാലം മുതല്‍ ശാസ്ത്രീയ പരിചരണവും പരിശീലനവും നല്‍കുന്നതിലൂടെ ഭിന്നശേഷിക്കാരില്‍ വലിയ ശാരീരിക, മാനസിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
കേന്ദ്രത്തില്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നതിന് കെട്ടിട നിര്‍മാണം പുരോഗതിയിലാണ്.കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഈ മാസം 31 വരെ പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്തുമെന്നും ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു. വിശദ വിവരത്തിന് 9656330344, 8111918473 എന്നീ നമ്പറുകളില്‍ വിളിക്കാം.





Leave a Reply