കെ ജി രവീന്ദ്രന് സി പി എമ്മിന്റെ ജനാധിപത്യ ഭരണഘടനാ വിരുദ്ധത നടപടിയുടെ ഇര: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: കെ ജി രവീന്ദ്രന് സി പി എമ്മിന്റെ ജനാധിപത്യ ഭരണഘടനാവിരുദ്ധ നടപടിയുടെ ഇരയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. നിയമവിരുദ്ധമായി ഒരു ഡിവിഷന് ജയിക്കാന്‍ സി പി എം നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും രവീന്ദ്രന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി പരാമര്‍ശവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പറഞ്ഞിരിക്കുന്നത് ഭരണഘടനാപരമായി ചില തടസങ്ങള്‍ ഉള്ളത് കൊണ്ട് ഇപ്പോള്‍ ഇടപെടുന്നില്ലെന്നാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ നടന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഈ നിയമവിരുദ്ധതയുടെ പുറകില്‍ റിട്ടേണിഗ് ഓഫീസര്‍ മാത്രമല്ല, സി പി എമ്മുമുണ്ട്. നേരിട്ട് രാഷ്ട്രീയം പറഞ്ഞ്, വികസനം പറഞ്ഞ് വോട്ടു ചോദിക്കാനും വിജയിക്കാനും കഴിയാത്തവര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ വിജയിക്കാന്‍ സാധിക്കുമോയെന്ന പരീക്ഷണത്തിന് നേതൃത്വം നല്‍കുകയാണ്. ഇത് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഈ റിട്ടേണിഗ് ഓഫീസറെ അടിയന്തരമായി തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കും. ജനാധിപത്യപ്രകൃയ്യയുടെ അപമാനകരമായ മുഖമാണ് റിട്ടേണിംഗ് ഓഫീസറായ അബ്ദുള്‍ റഷീദ്. അദ്ദേഹം ഇടതുപക്ഷ പ്രവര്‍ത്തകനാണ്. അദ്ദേഹം ഈ ജോലിക്ക് നിയോഗിക്കാന്‍ പറ്റാത്ത ആളാണെന്ന് തെളിയിച്ചിരിക്കുകയാണ്. പത്രിക തള്ളാനുള്ള കാരണം ബോധ്യപ്പെടുത്തിയുള്ള സ്ലിപ്പ് നല്കാന് അന്നേദിവസം ആവശ്യപ്പെട്ടു. എന്നാല്‍ അതിന് രണ്ടുദിവസം കാത്തുനില്‍ക്കേണ്ടി വന്നു. നിയമനടപടി സ്വീകരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് കാലതാമസം വരുത്താനുള്ള ബോധപൂര്‍വമായ നടപടി ഈ റിട്ടേണിംഗ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായി. അദ്ദേഹം നല്‍കിയിരിക്കുന്ന റിജക്ഷന് നോട്ടില്‍ പറയുന്നത് അവിടെയുണ്ടായിരുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി, രവീന്ദ്രന് ബാധ്യത തീര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് പത്രിക സ്വീകരിക്കരുതെന്ന് പറയുകയും അതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ്. എന്നാല്‍ തന്റെ പേരില്‍ ഇങ്ങനെയൊരു നോട്ടീസ് വന്നിട്ടുണ്ടെന്നും, അതിന് ഇന്ന രീതിയില്‍ മറുപടി കൊടുത്തിട്ടുണ്ടെന്നുമാണ് രവീന്ദ്രന് പറഞ്ഞത്. കെ ജി രവീന്ദ്രന് നല്കിയ നോട്ടീസ് ആക്ഷേപം ഉന്നയിക്കാന്‍ മറ്റുള്ളവര്‍ക്ക് കൊടുത്ത് അതുവെച്ച് നോട്ടുണ്ടാക്കുകയാണ് റിട്ടേണിങ് ഓഫീസര്‍ ചെയ്തിരിക്കുന്നത്. രവീന്ദ്രന് ഒറ്റക്ക് ഒരു കാര്യവും ചെയ്തിട്ടില്ല. ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നികുതിയിളവിന്റെ വിഷയത്തില്‍ അത് ശുപാര്‍ശ ചെയ്തത് കൗണ്‍സില്‍ ഒന്നിച്ചാണ്. സംസ്ഥാന സര്‍ക്കാരാണ് നികുതിയിളവ് നല്‍കാനുള്ള ഉത്തരവിടുന്നത്. ആ ഉത്തരവിനെ തുടര്‍ന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചില കണ്ടെത്തലുകളെ തുടര്‍ന്ന് കെ ജി രവീന്ദ്രനാണ് ടൂര്‍ണമെന്റ് നടത്തിയവര്‍ക്ക് നോട്ടീസ് അയച്ചത്. കെ ജി രവീന്ദ്രന് എതിരായി സര്‍ചാര്‍ജ് ഇതുവരെ ഉണ്ടായിട്ടില്ല. എന്തടിസ്ഥാനത്തിലാണ് ഈ റിട്ടേണിംഗ് ഓഫീസര്‍ ഈ നാമനിര്‍ദേശ പത്രിക തള്ളിയതെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ പ്രകടമായ രാഷ്ട്രീയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹൈക്കോടതിയുടെ പരാമര്‍ശത്തോടെ കല്‍പ്പറ്റയില്‍ സി പി എമ്മിന്റെ പതനത്തിന് തുടക്കം കുറിക്കുകയാണ്. ഇക്കാര്യത്തില്‍ കെ ജി രവീന്ദ്രനും, കോണ്‍ഗ്രസും യു ഡി എഫും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. ബി ജെ പിക്കാര്‍ വോട്ടുകള്ളന്മാരാണെങ്കില് സി പി എം നോമിനേഷന് കള്ളന്മാരായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെ വൈഷ്ണ മുതല്‍ കല്‍പ്പറ്റയിലെ കെ ജി രവീന്ദ്രന് വരെ നോമിനേഷന് കള്ളത്തരം നടത്തി സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി മാറ്റാനുള്ള ഹീനവും നികൃഷ്ടവുമായ പ്രവൃത്തിയാണ് സി പി എം നടത്തിയത്. ഈ പോരാട്ടം ജനങ്ങള്‍ ഏറ്റെടുക്കും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അഴിമതിക്കാരനാക്കി മാറ്റാനുള്ള നീക്കമാണ് സി പി എം നടത്തിയത്. ഈ വിഷയത്തില്‍ പൊതുസമൂഹത്തോട് സി പി എം മാപ്പുപറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.





Leave a Reply