July 1, 2026

കോണ്‍ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം; യുഡിഎഫിൽ ചര്‍ച്ച

0
IMG_20251214_190935
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായി. കൽപ്പറ്റ നഗരസഭയിലെയും പുല്‍പ്പള്ളി പഞ്ചായത്തിലെയും തോല്‍വി, പൂതാടി പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്ന സാഹചര്യം, പൂതാടി ബ്ലോക്ക് ഡിവിഷനില്‍ സംഷാദ് മരക്കാറുടെ തോല്‍വി എന്നിവയാണ് ചര്‍ച്ചാവിഷയമായത്.

ടി. സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടും കല്‍പ്പറ്റ നഗരസഭ യുഡിഎഫിന് നിലനിര്‍ത്താനായില്ല. നഗരസഭയിലെ 30 ഡിവിഷനുകളില്‍ 11 എണ്ണമാണ് യുഡിഎഫിന് നേടാനായത്.

കോണ്‍ഗ്രസ് കോട്ടയെന്നു ഖ്യാതിയുള്ള പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫ് പിടിച്ചു. ദേശവാസികളായ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.ഡി. സജി, എന്‍.യു. ഉലഹന്നാന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ശ്രദ്ധ ചെലുത്തിയിട്ടും യുഡിഎഫിന് ഭരണനഷ്ടം സംഭവിച്ചു. 21 വാര്‍ഡുകളില്‍ ഒമ്പത് എണ്ണത്തില്‍ വിജയിച്ച എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. പഞ്ചായത്തില്‍ കോണ്‍ഗ്രസിനു വലിയ മേല്‍ക്കൈയുള്ളതില്‍ കോളറാട്ടുകുന്ന് വാര്‍ഡില്‍ ബിജെപിയും മൂഴിമലയില്‍ സിപിഐയും വിജയിച്ചു. പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ വിവാദത്തെത്തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച കെ.കെ. ഏബ്രഹാമും പുല്‍പ്പള്ളി സ്വദേശിയാണ്. ഇദ്ദേഹവും ഒപ്പം നില്‍ക്കുന്നവരും തിരശീലയ്ക്കു പിന്നില്‍ നടത്തിയ നീക്കങ്ങള്‍ പുല്‍പ്പള്ളിയില്‍ ഭരണം കൈവിട്ടുപോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നവര്‍ യുഡിഎഫ് നിരയിലുണ്ട്.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ പഞ്ചായത്താണ് ഇടതു, വലതു മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത പൂതാടി. 23 വാര്‍ഡുകളുള്ള ഇവിടെ യുഡിഎഫിനു സ്വതന്ത്രര്‍ അടക്കം 10 സ്ഥാനാര്‍ഥികളെയാണ് വിജയിപ്പിക്കാനായത്. എല്‍ഡിഎഫ് നിരയിലും സ്വതന്ത്രര്‍ അടക്കം 10 പേര്‍ വിജയിച്ചു. മൂന്നു വാര്‍ഡുകളില്‍ ബിജെപിയാണ് നേടിയത്. യുഡിഎഫ് മുന്‍ ജില്ലാ കണ്‍വീനര്‍ കെ.കെ. വിശ്വനാഥനും പൂതാടി നിവാസിയാണ്. പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫിലെ സംഷാദ് മരക്കാര്‍ തോറ്റതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയായാണ് പ്രവര്‍ത്തകരില്‍ ചിലര്‍ കാണുന്നത്. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാണ് സംഷാദ്. പൂതാടി ഡിവിഷനില്‍ കോണ്‍ഗ്രസ് വിമതന്‍ ബിനു ജേക്കബാണ് വിജയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *