വൈവിധ്യങ്ങളിൽ നിറഞ്ഞ് ക്രിസ്തുമസ് വിപണി.
കൽപ്പറ്റ:വൈവിധ്യങ്ങളിൽ നിറഞ്ഞ് ക്രിസ്തുമസ് വിപണി. ക്രിസ്മസ് -പുതുവൽസരത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങുകയാണ് നാടും നഗരവും. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിപണിയിൽ വ്യത്യസ്തമാർന്ന നക്ഷത്രങ്ങളും ലൈറ്റുകളുമാണ് എത്തിയിരിക്കുന്നത്. പരമ്പരാഗത ഡിസൈനുകളിൽ നിന്നും മാറി പുതുതലമുറയെയും കുട്ടികളെയും ആകർഷിക്കുന്ന തരത്തിലുള്ള നക്ഷത്രങ്ങളാണ് പുതുമ. കടലാസ് നക്ഷത്രങ്ങൾ മുതൽ കൂറ്റൻ എൽഇഡി ജംബോ നക്ഷത്രങ്ങൾ വരെയുണ്ട് വിപണിയിൽ. ടേബിൾ ടോപ്പ് ക്രിസ്‌മസ് ട്രീ മുതൽ മടക്കി സഞ്ചിയിലാക്കാൻ കഴിയുന്ന ബഹുവർണ പിരമിഡ് ലൈറ്റുവരെ നീളുന്നതാണ് ക്രിസ്‌മസ് വിപണിയിലെ ഇത്തവണത്തെ വൈവിധ്യങ്ങൾ.
സാധാരണയായി കണ്ടു വരുന്ന പേപ്പർ നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുറം ഭാഗം തിളങ്ങുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ആവരണം ചെയ്ത തരത്തിലുള്ളവക്ക് ആവശ്യക്കാർ കൂടുതലുണ്ട്. റെഡിമെയ്‌ഡ് ഉൽപ്പന്നങ്ങൾക്ക് പുറമേ ഇവയെല്ലാം വീടുകളിൽ തയ്യാറാക്കാൻ കഴിയുന്ന അസംസ്‌കൃത വസ്‌തുക്കളും കടകളിൽ ലഭ്യമാണ്. ബേക്കറികളിൽ ക്രിസ്‌മസ് കേക്കുകളും നിറഞ്ഞുതുടങ്ങി.
വ്യത്യസ്തമാർന്ന ആകൃതിയിലും നിറത്തിലുമുള്ള എൽ.ഇ.ഡി ബൾബുകളും വിപണിയിൽ ലഭ്യമാണ്. പ്രകാശത്തിന്റെ പാറ്റേൺ മാറി തെളിയുന്ന പ്രത്യേകതയും ഈ ബൾബുകൾക്കുണ്ട്. ഇതിനാൽ അലങ്കാരങ്ങൾക്കായി ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബോൾ ആകൃതിയിൽ പേപ്പർ ഉപയോഗിച്ച് നിർമിച്ചെടുത്തിട്ടുള്ള എൽ.ഇ.ഡി ബൾബും ഈ ക്രിസ്മസ് കാലത്ത് വ്യത്യസ്ത കാഴ്ചയാണ്.
കുറഞ്ഞ വൈദ്യുതി ചെലവിൽ കൂടുതൽ തിളക്കം നൽകുന്നതായതിനാൽ ഇത്തരം ബൾബുകൾ വാങ്ങുന്നവർ ഏറെയാണ്.
സാന്താക്ലോസ്, പുൽക്കൂട്, ക്രിസ്‌മസ് തൊപ്പി, ജിങ്കിൾ ബെൽസ്, ക്രിസ്‌മസ് ബൾബ് എന്നിവക്കും പഴയതുപോലെ ആവശ്യക്കാർ നിരവധിയാണ്.
നൂറ്റമ്പതോളം ഡിസൈനുകളിൽ മിന്നിമറിയുന്ന എൽഇഡി ജംബോ നക്ഷത്രങ്ങളുമുണ്ട്. ം50 രൂപ മുതൽ 1000 രൂപവരെയാണ് കടലാസ് നക്ഷത്രങ്ങളുടെ ശരാശരി വില. എൽഇഡി നക്ഷത്രങ്ങൾക്ക് 120 രൂപ മുതൽ 5000 രൂപവരെ വിലയുണ്ട്. മെറ്റൽ, ഫൈബർ, പനയോല എന്നിവയിലെല്ലാം ഒരുക്കിയ പുൽക്കൂടുകളും സജീവമാണ്. പത്തു രൂപയ്‌ക്ക് ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ് അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ ആയിരങ്ങൾ വിലയുള്ളവ വരെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സാന്താക്ലോസ് വസ്‌ത്രങ്ങളും തയ്യാറാണ്. 300 രൂപ മുതൽ 4000 രൂപവരെ വിലയുണ്ട്. റെഡിമെയ്‌ഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ അലങ്കാര വസ്‌തുക്കൾ നിർമിക്കാനുള്ള സാമഗ്രികളും വിപണിയിലുണ്ട്.





Leave a Reply