April 25, 2026

കാടിനുള്ളിലെ പന്നിപ്പാട് ഉന്നതിവാസികളോടൊപ്പം ജില്ലാ പോലീസിന്റെ പുതുവത്സരാഘോഷം

0
IMG_20251231_175628
By ന്യൂസ് വയനാട് ബ്യൂറോ

 

 

തൊണ്ടര്‍നാട്: കാടിനുള്ളിലെ പന്നിപ്പാട് ഉന്നതിവാസികളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസും സംഘവും ഉന്നതിയിലെത്തി. പുതുവത്സര സമ്മാനങ്ങളുമായെത്തിയ പോലീസ് സംഘത്തെ എല്ലാവരും സന്തോഷത്തോടെ വരവേറ്റു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കായിക ഉപകരണങ്ങളും സോളാർ ലൈറ്റുകളും നൽകിയും പോലീസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ചിരികളും കൈയ്യടികളും പാട്ടുകളും നിറഞ്ഞ നിമിഷങ്ങൾ പോലീസിനെയും ഉന്നതിവാസികളേയും അതിവേഗം പരിചിതരാക്കി. ക്യാമ്പ് ഫയറിന് ചുറ്റും പോലീസ് ഉദ്യോഗസ്ഥരുടെ ഗാനങ്ങൾക്ക് ഒപ്പം, ഉന്നതിയിലെ ഏറ്റവും മുതിർന്ന അംഗവും മൂപ്പനുമായ ദാരപ്പൻ ചുവടുവെച്ചപ്പോൾ, പ്രായഭേദമില്ലാതെ എല്ലാവരുടെയും മുഖങ്ങളിൽ ആഹ്ലാദം തെളിഞ്ഞു. 73 കാരിയായ തേയി, എഴുപതുകളിലേക്കെത്തുന്ന രാമൻ, ചന്തു, അമ്മിണി, ലക്ഷ്മി, സരോജിനി തുടങ്ങിയവരും മിടുക്കരായ ഉന്നതിയിലെ കുട്ടികൾക്കൊപ്പം ആഘോഷത്തിന്റെ ആവേശം പങ്കുവെച്ചു. കാട്ടിൽ നിന്ന് ശേഖരിച്ച നൂറാൻ കിഴങ്ങും, കാച്ചിലും വേവിച്ചു നൽകിയാണ് ഉന്നതിവാസികൾ തങ്ങളുടെ സന്തോഷം പ്രകടമാക്കിയത്.

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്നിപ്പാട് ഉന്നതിയിലാണ് എസ്.ആര്‍.ഇ പദ്ധതി ഗുണഭോക്ത വിതരണവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ഉന്നതി നിവാസികള്‍ക്ക് പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എന്താവശ്യങ്ങൾക്കും പോലീസ് കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. എസ്.എം.എസ് ഡിവൈ.എസ് പി ടി.എ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടര്‍നാട് പഞ്ചായത്ത് മെമ്പര്‍ ചന്തു മണപ്പാട്ടില്‍, ഉന്നതി മൂപ്പന്‍ ദാരപ്പന്‍, ഗിരീഷ് പന്നിപ്പാട്, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍, എസ് പി സി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, സീനിയർ സി.പി.ഒ ബിനോയ് ഐസക് എന്നിവര്‍ സംസാരിച്ചു. തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ അബ്ദുള്‍ അസീസ് സ്വാഗതവും സീനിയര്‍ സി.പി.ഓ പി.എം. രാജേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *