April 25, 2026

അംഗനവാടികൾ ഇനി ‘സ്മാർട്ട്’; കൈകോർത്ത് ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും

0
IMG_20260116_210152
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട്ടിലെ അംഗനവാടികളുടെ മുഖച്ഛായ മാറ്റുന്നതിനായി ഓർക്ല ഇന്ത്യ-ഈസ്റ്റേൺ ഗ്രൂപ്പും സിഐഐ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘വൺ വിത്ത് വയനാട്’ പദ്ധതിക്ക് തുടക്കമായി. പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന്റെ ഭാഗമായി ജില്ലയിലെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘സ്മാർട്ട്’ ആകുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയായ അംഗനവാടികളുടെ ഉദ്ഘാടനം കൽപ്പറ്റയിൽ ടി. സിദ്ധിഖ് എംഎൽഎ നിർവ്വഹിച്ചു.

 

കെട്ടിടങ്ങളെ തന്നെ പഠനസഹായിയാക്കി മാറ്റുന്ന ‘ബാല’ സങ്കൽപ്പത്തിലാണ് ഈ അംഗനവാടികൾ ഒരുക്കിയിരിക്കുന്നത്. ശിശുസൗഹൃദ ശുചിമുറികൾ, ആധുനിക അടുക്കളകൾ, ടൈൽ പാകിയ തറ, വിജ്ഞാനപ്രദമായ ചുവർചിത്രങ്ങൾ എന്നിവ പദ്ധതിയുടെ പ്രത്യേകതയാണ്. കൽപ്പറ്റ നഗരസഭയ്ക്ക് പുറമെ മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

 

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ ജില്ലയിലെ 876 അംഗനവാടി പ്രവർത്തകർക്ക് പോഷകാഹാരം, കുട്ടികളുടെ വളർച്ചാ നിരീക്ഷണം, ആധുനിക അധ്യാപന രീതികൾ എന്നിവയിൽ വിദഗ്ധ പരിശീലനവും ഓർക്ലയുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. നാളത്തെ തലമുറയെ വാർത്തെടുക്കുന്ന പ്രീ-സ്കൂൾ തലത്തിൽ മികച്ച ഇടപെടലുകൾ നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ വ്യക്തമാക്കി. വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഐഐ കേരള ചെയർമാൻ വി.കെ.സി റസാഖ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ ഗീത എം.ജി, നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *