പുൽപ്പള്ളി – കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ് സർവീസിന് തുടക്കമായി
പുൽപ്പള്ളി: കട്ടപ്പനയിൽ നിന്നും പുൽപ്പള്ളിക്ക് ആരംഭിച്ച പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവീസിന് പുൽപ്പള്ളിയിൽ സ്വീകരണം നൽകി. ഇടുക്കിയിൽ വെച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത സർവീസ് പുൽപ്പള്ളിയിൽ എത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് സ്വീകരിച്ചു. കട്ടപ്പനയിൽ നിന്നും പുൽപ്പള്ളിക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക യൂണിയൻ (എം) വയനാട് ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് മന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് നടപടി. കട്ടപ്പനയിൽ നിന്നും രാവിലെ പുറപ്പെടുന്ന ബസ് വൈകുന്നേരം പുൽപ്പള്ളിയിൽ എത്തും. പിറ്റേന്ന് പുലർച്ചെയാണ് തിരികെ കട്ടപ്പനയിലേക്ക് സർവീസ് നടത്തുക. കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു ശിശിരം, ആതിര മത്തായി, ബെന്നി കുറുമ്പാലക്കാട്ട്, തമ്പാൻ സിബി, ബേബി എന്നിവർ പങ്കെടുത്തു.





Leave a Reply