മാനന്തവാടിയിൽ ‘ഏട്ടൻ – ചേച്ചി’ പോരാട്ടം; ജനകീയ സംബോധനകൾ വോട്ടായി മാറുമോ?
മാനന്തവാടി: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങുന്ന മാനന്തവാടി നിയോജക മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും ജനകീയ വിളിപ്പേരുകളും ചർച്ചയാകുന്നു. ഇടത് മുന്നണിക്കായി മന്ത്രി ഒ.ആർ. കേളു വീണ്ടും ജനവിധി തേടുമ്പോൾ, യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷാ വിജയനും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ മണ്ഡലത്തിൽ സജീവമായ ‘കേളുവേട്ടൻ’, ‘ഉഷേച്ചി’ എന്നീ വിളിപ്പേരുകൾ വോട്ടർമാരുടെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
’കേളുവേട്ടൻ’ എന്ന ബ്രാൻഡ്
മന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലും കഴിഞ്ഞ കുറേ വർഷങ്ങളായി മണ്ഡലത്തിൽ സജീവമാണ് ഒ.ആർ. കേളു. രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാർ അദ്ദേഹത്തെ വിളിക്കുന്ന ‘കേളുവേട്ടൻ’ എന്ന വിളിപ്പേര് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്താണ്.
ലളിത ജീവിതം, മന്ത്രിയായിട്ടും സാധാരണക്കാരോട് പുലർത്തുന്ന വിനയവും എളുപ്പത്തിലുള്ള ലഭ്യതയും ഈ സംബോധനയ്ക്ക് പിന്നിലുണ്ട്.
തോട്ടം തൊഴിലാളികൾക്കിടയിലും ആദിവാസി വിഭാഗങ്ങൾക്കിടയിലും ഈ വിളിപ്പേര് ഉണ്ടാക്കുന്ന ആത്മബന്ധം വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.
’ഉഷേച്ചി’ ഉയർത്തുന്ന വെല്ലുവിളിയാണ് ഇടതിനെ കുഴക്കുന്നത്.
ഒ.ആർ. കേളുവിന്റെ ജനകീയതയെ പ്രതിരോധിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയ ഉഷാ വിജയനും മണ്ഡലത്തിന് പരിചിത മുഖമാണ്. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ രംഗത്തെ ഇടപെടലുകളിലൂടെയും സ്ത്രീ വോട്ടർമാർക്കിടയിൽ ‘ഉഷേച്ചി’ എന്ന വിളിപ്പേര് അവർക്ക് വലിയ സ്വീകാര്യത നൽകുന്നു.25 വർഷം വാർഡ്തലം മുതൽ ജില്ലാ തലം വരെ പ്രമുഖയാണ് ഉഷ.
മണ്ഡലത്തിലെ നിർണ്ണായകമായ സ്ത്രീ വോട്ടുകൾ സമാഹരിക്കാൻ ‘ഉഷേച്ചി’ എന്ന ഈ സ്നേഹവിളി സഹായിക്കുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു.
:വീടുകളിൽ കയറിച്ചെല്ലുമ്പോൾ ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി സ്വന്തം കുടുംബാംഗം എന്ന പരിഗണന ലഭിക്കുന്നത് ഉഷാ വിജയന് അനുകൂലമായ ഘടകമാണ്.
മാനന്തവാടിയിൽ കേവലം രാഷ്ട്രീയ വിഷയങ്ങൾ മാത്രമല്ല, വ്യക്തിപരമായ അടുപ്പവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്.
വൈകാരിക ബന്ധവും സ്വാധീന ശക്തിയാണ്. രണ്ട് സ്ഥാനാർത്ഥികളും ജനങ്ങൾക്കിടയിൽ ഇത്തരം വിളിപ്പേരുകളിലൂടെ അറിയപ്പെടുന്നത് വോട്ടർമാരുടെ വൈകാരിക പിന്തുണ ഉറപ്പാക്കാൻ സഹായിക്കും.
‘ഏട്ടൻ’ എന്ന സംരക്ഷകന്റെ പ്രതിച്ഛായ കേളുവിനും, ‘ചേച്ചി’ എന്ന കരുതലിന്റെ പ്രതിച്ഛായ ഉഷാ വിജയനും വോട്ടർമാരുമായുള്ള അകലം കുറയ്ക്കുന്നു.
വ്യക്തിബന്ധങ്ങൾ വോട്ടായി മാറുമെങ്കിലും, വികസന മുരടിപ്പും രാഷ്ട്രീയ മാറ്റങ്ങളും മണ്ഡലത്തിൽ പ്രധാന ചർച്ചയാണ്. കേവലം വിളിപ്പേരുകൾ കൊണ്ട് മാത്രം വിജയം ഉറപ്പിക്കാനാവില്ലെന്ന് ഇരു മുന്നണികളും തിരിച്ചറിയുന്നുണ്ട്.
മാനന്തവാടിയിൽ പോരാട്ടം കടുക്കുകയാണ്. ‘കേളുവേട്ടന്റെ’ ജനകീയതയും ‘ഉഷേച്ചിയുടെ’ കുടുംബബന്ധങ്ങളും നേർക്കുനേർ വരുമ്പോൾ, വയനാടൻ ചുരം കയറുന്ന രാഷ്ട്രീയ പോരാട്ടത്തിൽ ആര് വിജയ പേടകത്തിൽ ചിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.





Leave a Reply