മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തും; എൽ.ഡി.എഫ് വിഭാഗീയത സൃഷ്ടിക്കുന്നു: യു.ഡി.എഫ്
മാനന്തവാടി: നിലവിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് മെഡിക്കൽ കോളേജ് അവിടെത്തന്നെ നിലനിർത്തുമെന്നും, ഇത് സംബന്ധിച്ച് നടക്കുന്ന മറ്റ് പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷാ വിജയനും നിയോജക മണ്ഡലം ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തങ്ങൾ ഭരണത്തിലേറിയാൽ ആറ് മാസത്തിനകം മെഡിക്കൽ കോളേജിൽ നിന്നും രോഗികളെ മടക്കി അയക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പത്ത് വർഷം പിന്നിട്ടിട്ടും നിലവിൽ മെഡിക്കൽ കോളേജ് ഒരു ‘മടക്കൽ കോളേജായി’ തന്നെയാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം ചെയ്ത സ്കാനിംഗ് മെഷീൻ ഉൾപ്പെടെയുള്ളവയൊന്നും തന്നെ ഇതുവരെ പ്രവർത്തിപ്പിക്കാനായിട്ടില്ലെന്നും, ആവശ്യത്തിന് മരുന്നോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗ് നോമിനിയാണെന്ന വിധത്തിൽ പ്രചരിപ്പിച്ച് വിഭാഗീയത വളർത്തി വോട്ട് തട്ടാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. സമാനരീതിയിൽ തന്നെയാണ് ബി.ജെ.പിയും പ്രചാരണം നടത്തുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. പരാജയഭീതിയിലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത്. മാനന്തവാടിയിലുൾപ്പെടെ ബി.ജെ.പിയുമായി ഡീൽ നടന്നതായി സംശയിക്കുന്നതായും ഉഷാ വിജയൻ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കർണാടക എം.എൽ.എ പൊന്നണ്ണ, യു.ഡി.എഫ് നേതാക്കളായ പി.കെ. ജയലക്ഷ്മി, അഡ്വ. വർഗ്ഗീസ്, പടയൻ മുഹമ്മദ്, എം.ജി. ബിജു, നിഷാന്ത്, പ്രദീപ് മാസ്റ്റർ, ടി.കെ. മൊയ്തു എന്നിവർ പങ്കെടുത്തു.





Leave a Reply