April 30, 2026

‘മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരാക്കാനാവില്ല’; ശബരിമലവിഷയത്തിൽ ജസ്റ്റിസ് നാഗരത്‌ന

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ഒൻപതംഗബെഞ്ചിലെ ജസ്റ്റിസ് നാഗരത്‌നയുടെ പരാമർശമുണ്ടായത്.

ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും വിലക്കുന്ന ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ശബരിമലയിലെ യുവതീപ്രവേശവിലക്കെന്നാണ് 2018-ലെ അഞ്ചംഗബെഞ്ചിന്റെ വിധിയിൽ പറഞ്ഞത്. എന്നാൽ, ശബരിമലയിലേത് തൊട്ടുകൂടായ്മയോ ലിംഗവിവേചനമോ അല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് ബെഞ്ചിലെ ഏക വനിതാജഡ്ജിയായ ജസ്റ്റിസ് നാഗരത്‌നയുടെ പ്രതികരണമുണ്ടായത്.

ശബരിമലയിലേത് സ്ത്രീകളോടുള്ള തൊട്ടുകൂടായ്മയാണെന്ന വാദത്തെ താൻ ശക്തമായി എതിർക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. പാശ്ചാത്യർ കരുതുന്നതുപോലെ ഇന്ത്യയിൽ അത്ര പുരുഷാധിപത്യമോ ലിംഗവിവേചനമോ ഇല്ലെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന്, തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം അനുച്ഛേദം ശബരിമലക്കേസിൽ എങ്ങനെ പ്രയോഗിക്കാനാകുമെന്ന സംശയവും ജസ്റ്റിസ് നാഗരത്‌ന പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ബാധകമാകുന്ന ഏഴ് നിയമപ്രശ്‌നങ്ങൾക്ക് ഉത്തരംതേടുന്നത്. ജസ്റ്റിസ് നാഗരത്‌നയ്ക്കുപുറമേ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യാ ബാഗ്ചി എന്നിവരും ബെഞ്ചിലുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *