103 കുപ്പികളിലായി 52 ലിറ്ററോളം മാഹി മദ്യം; വെൺമണിയിൽ വൻ മദ്യവേട്ട
വെൺമണി: മാനന്തവാടി എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. 52 ലിറ്ററോളം മാഹി മദ്യമാണ് കാമ്പട്ടി ഭാഗത്ത് നിന്നും പിടികൂടിയത്. കാമ്പട്ടി സ്വദേശി തേക്കുംകാട്ടിൽ ടി.ജെ. ജോഷിയുടെ വീടിന് സമീപം ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
നിയമവിരുദ്ധ വിൽപനയ്ക്കായി അര ലിറ്ററിന്റെ 103 കുപ്പികളാണ് ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജോഷി ടി.ജെ. എന്നയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. വാളാട് സ്വദേശിയായ പ്രദീഷ് എന്ന സ്ഥിരം മദ്യവിൽപ്പനക്കാരന് എത്തിച്ചു നൽകാൻ വേണ്ടിയാണ് ഈ മദ്യം ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കേസിലെ മറ്റ് പ്രതികൾക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ രഞ്ജിത് സി.കെ നേതൃത്വം നൽകി. പരിശോധനയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എം.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്, രാജേഷ് കെ., തോമസ്, പിന്റോ ജോൺ, ഡ്രൈവർ അമീർ എന്നിവർ പങ്കെടുത്തു. മദ്യക്കടത്തും അനധികൃത വിൽപനയും തടയാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു.





Leave a Reply