April 29, 2026

മുള്ളൻകൊല്ലിയിൽ കടുത്ത ചൂടിൽ പശുക്കൾ ചാവുന്നു; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു

0
IMG_20260429_112545
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ചൂട് താങ്ങാനാവാതെ പശുക്കൾ ചാവുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ശശിമല, പാടിച്ചിറ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നാല് പശുക്കളാണ് ചത്തത്. ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിവരുടെ പശുക്കളാണ് ചത്തത്. ഇതിനുപുറമെ തടത്തിൽ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കൾ ഉൾപ്പെടെ അഞ്ചോളം പശുക്കൾ നിലവിൽ തീറ്റയും വെള്ളവുമെടുക്കാതെ തൊഴുത്തിൽ അവശനിലയിലുമാണ്. പകൽ സമയത്തെ അസഹനീയമായ ചൂടിനെ തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുകയാണെന്നും, അടിയ്ക്കടി ശ്വാസം വലിക്കുന്നതും കടുത്ത ക്ഷീണം നേരിടുന്നതുമാണ് പ്രധാന ലക്ഷണങ്ങളെന്നും കർഷകർ പറയുന്നു. പശുക്കളെ സംരക്ഷിക്കാൻ ഫാനുകളും ഷവറുകളും ഫാമിൽ സ്ഥാപിച്ചിരുന്നെങ്കിലും അവ പ്രയോജനപ്പെടാതെ ശരീരത്തിലെ ജലാംശം വൻതോതിൽ വാർന്നുപോയി പശുക്കൾ ചാവുകയായിരുന്നുവെന്ന് ചെറിയമ്പനാട്ട് അപ്പച്ചൻ പറഞ്ഞു.

 

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള വിദഗ്‌ധസംഘം ഇന്ന് കർഷകരുടെ ഭവനങ്ങൾ സന്ദർശിക്കും. ബന്ധപ്പെട്ട മൃഗാശുപത്രികളിൽ നിന്ന് ചികിത്സാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും സാമ്പിൾ ശേഖരണം നടത്തുകയും ചെയ്യും. സൂര്യാഘാതവുമായി ബന്ധപ്പെട്ട നിർജലീകരണവും ഷോക്കും മൂലമാണോ പശുക്കൾ മരണപ്പെട്ടതെന്ന് സംഘം പരിശോധിക്കും. പരിശോധനകൾക്ക് ശേഷം അർഹരായവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് ശുപാർശ നൽകുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *