കൈകോർത്ത് മാനന്തവാടി; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു
മാനന്തവാടി: കാലവർഷത്തിന് മുന്നോടിയായി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭാതല ഉദ്ഘാടനം ഗാന്ധിപാർക്കിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു കെ. ജോർജ് സ്വാഗതം ആശംസിച്ചു. മഴക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ മുൻകൂട്ടി തടയുന്നതിനും നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് ഈ സംയുക്ത ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. നഗരസഭയിലെ വിവിധ വിഭാഗങ്ങൾ ഒത്തൊരുമിച്ചാണ് ശുചീകരണത്തിൽ പങ്കാളികളായത്. പ്രധാനമായും അഞ്ച് ടീമുകളായി തിരിഞ്ഞാണ് ടൗണിലെ വിവിധ റൂട്ടുകളിൽ ശുചീകരണം നടത്തിയത്.നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ,ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ,നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ.
കുറുക്കൻമൂല പി എച് സി ജീവനക്കാർ, ആശാവർക്കർമാർ,എൻ എസ് എസ് വിദ്യാർത്ഥികൾ, അധ്യാപകർ,വ്യാപാരികൾ, പൊതുജനങ്ങൾഎന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്തു .പരിപാടികൾക്ക് അസിസ്റ്റന്റ് സെക്രട്ടറി രമ്യ മഹേഷ് നന്ദി രേഖപ്പെടുത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീജ ഫ്രാൻസിസ്, പി.വി.എസ് മൂസ, അസിസ്റ്റൻ്റ് എൻജിനീയർ അഞ്ചൽ ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ്, തുഷാര, അശ്വിൻ, പി എച്ച് സി കുറുക്കൻമൂല ഹെൽത്ത് ഇൻസ്പെക്ടർ സജേഷ്,കൗൺസിലർമാരായ ലിസി ജോസ്, ശരണ്യ, മനോജ് ഗോപാലൻ, രജനീഷ്, റസീന,കുഞ്ഞബ്ദുള്ള, ജോൺ, സബിത വി പി, സജ്ന ടീച്ചർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും വാർഡ് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.





Leave a Reply