May 15, 2026

എസ്.എസ്.എൽ.സി വിജയത്തിളക്കത്തിൽ ജില്ല; വിജയ ശതമാനം 99.59

0
IMG_20260515_202120
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ 99.59 ശതമാനം പേരും ഉപരിപഠനത്തിന് അർഹരായ വയനാട് ജില്ലയ്ക്ക് തിളക്കമാർന്ന ജയം. ആകെ 5553 ആൺകുട്ടികളും 5662 പെൺകുട്ടികളും ഉൾപ്പെടെ 11215 വിദ്യാർത്ഥികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരിൽ 5520 ആൺകുട്ടികളും 5649 പെൺകുട്ടികളും ഉൾപ്പെടെ 11169 പേരും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ വയനാട് ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 2237 എസ്.ടി വിദ്യാർത്ഥികളിൽ 2205 പേരും ഉപരിപഠനത്തിന് അർഹത നേടി. 494 പട്ടികജാതി വിദ്യാർത്ഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത് ഇവരിൽ എല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 6174 വിദ്യാർത്ഥികളിൽ 6164 പേരും ഉപരിപഠനത്തിന് അർഹത നേടി.

 

257 ആൺകുട്ടികളും 486 പെൺകുട്ടികളും ഉൾപ്പെടെ ആകെ 743 വിദ്യാർത്ഥികൾക്കാണ് ജില്ലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ജില്ലയിലെ വിജയക്കണക്കുകളിൽ ഏറ്റവുമധികം പേർക്ക് എ പ്ലസ് ലഭിച്ചത് ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിലാണ്. 7441 പേർ ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിൽ എ പ്ലസ് ഗ്രേഡ് നേടി. 6503 പേർ ഒന്നാം ഭാഷയുടെ ഒന്നാം പേപ്പറിലും 2334 പേർ ഇംഗ്ലീഷിനും 3415 പേർ മൂന്നാം ഭാഷയിലും എ പ്ലസ് നേടി. 2016 പേർ സോഷ്യൽ സയൻസിലും 2570 പേർ ഫിസിക്സിലും 1698 പേർ കെമിസ്ട്രിയിലും 3231 പേർ ബയോളജിയിലും 1308 പേർ കണക്കിലും 7140 പേർ ഐ.ടിയിലും എ പ്ലസ് നേടിയിട്ടുണ്ട്. നിരവധി വിദ്യാലയങ്ങൾ നൂറു മേനി വിജയം കൈവരിച്ച സന്തോഷത്തിലാണ്.

 

പത്താം ക്ലാസ് വിജയ ശതമാനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഇത്തവണത്തെ തിളക്കമാർന്ന വിജയം. വയനാട് ഡയറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധർ ചേർന്ന് തയ്യാറാക്കിയ ഹൈ ഫ്ലൈ എന്ന പ്രത്യേക പഠന സഹായി ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യ സംരംഭമായിരുന്നു. വിദ്യാഭ്യാസ വകുപ്പും സ്കൂൾ പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ എച്ച്.എം ഫോറവും ചേർന്ന് തയ്യാറാക്കിയ പീക് ടു പ്രോഗ്രസ് എന്ന ചോദ്യ ബാങ്കും വിദ്യാർത്ഥികളുടെ പഠന മികവ് ഉയർത്തുന്നതിൽ പ്രത്യേക പങ്കുവഹിച്ചു.

 

പട്ടികവർഗ വിദ്യാർത്ഥികളുടെ വിജയശതമാനം വർദ്ധിപ്പിക്കാനും പഠനകാലത്ത് അവരെ കൃത്യമായി സ്കൂളുകളിലെത്തിക്കാനും പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ വലിയ പരിശ്രമമാണ് നടത്തിയത്. ഊരുകൂട്ട വോളണ്ടിയർമാരെ നിയമിച്ച് നടത്തിയ പ്രവർത്തനങ്ങൾ അവരുടെ വിജയത്തിൽ നിർണ്ണായകമായി. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇടപെടലിലൂടെയാണ് ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ വയനാട് ജില്ല മികച്ച വിജയം കരസ്ഥമാക്കിയത്. വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *