May 17, 2026

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

0
IMG_20260517_160340
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ മേയ് 21 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്ന ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ പൊതുജനങ്ങൾ കർശന മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും, ജനലും വാതിലും അടച്ചിട്ട് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ലാൻഡ് ഫോൺ ഉപയോഗം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്; എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെ ആരും തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാനോ, തുണികൾ എടുക്കാനോ പോകരുത്. ഇടിമിന്നലുള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ അവയ്ക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കണം.

 

തുറന്ന വാഹനങ്ങളായ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിത കെട്ടിടത്തിൽ അഭയം തേടണം. കാർ, ബസ് തുടങ്ങിയ വാഹനങ്ങൾക്കുള്ളിൽ ഉള്ളവർ കൈകാലുകൾ പുറത്തിടാതെ അതിൽ തന്നെ തുടരേണ്ടതാണ്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങളിൽ മീൻപിടിത്തം, ബോട്ടിങ്, കുളി എന്നിവ പൂർണ്ണമായും നിർത്തണം. കാർമേഘം കാണുമ്പോൾ തന്നെ മത്സ്യബന്ധനവും വലയെറിയലും നിർത്തി കരയിലേക്ക് മടങ്ങണം; ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. പട്ടം പറത്തുന്നതും ടെറസ്, വൃക്ഷക്കൊമ്പ് തുടങ്ങിയ ഉയരമുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നതും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുതെന്നും, മഴമേഘം കാണുമ്പോൾ അവയെ മാറ്റിക്കെട്ടാൻ പോകരുതെന്നും നിർദേശമുണ്ട്. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധം തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കണം. കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങൾക്കായി സർജ് പ്രൊട്ടക്ടറും സ്ഥാപിക്കുന്നത് സുരക്ഷ ഉറപ്പാക്കും.

 

മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളായതിനാൽ മിന്നലേറ്റയാൾക്ക് ഉടൻ വൈദ്യസഹായം എത്തിക്കണം. ഭിന്നശേഷി സുഹൃത്തുക്കൾക്കായുള്ള പ്രത്യേക ആംഗ്യഭാഷാ സന്ദേശം (https://www.youtube.com/watch?v=So1uMkDyzd4) ദൃശ്യമാധ്യമങ്ങൾ പ്രദർശിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ (https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN) ഉപയോഗിക്കാവുന്നതാണ്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്. അടുത്ത ദിവസങ്ങളിൽ റേഡിയോ, ദൃശ്യമാധ്യമങ്ങൾ ഈ സുരക്ഷാ സന്ദേശം പ്രത്യേകമായി പരാമർശിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *