റേഡിയോ മാറ്റൊലിക്ക് പുതിയ സ്റ്റേഷൻ ഡയറക്ടർ: ഡോ. ഫാ. ജോഫ്രി പോൾ കളരിക്കൽ ചുമതലയേറ്റു
മാനന്തവാടി: വയനാട് ജില്ലയുടെ പാർശ്വവത്കരിക്കപ്പെട്ടവരുടേയും സാധാരണക്കാരുടേയും ഉന്നമനത്തിനായി 2009 ജൂൺ 1-ന് പ്രവർത്തനമാരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ പുതിയ സ്റ്റേഷൻ ഡയറക്ടറായി മാനന്തവാടി രൂപതാംഗമായ ഡോ. ഫാ. ജോഫ്രി പോൾ കളരിക്കൽ ചുമതലയേറ്റു. കൊമേഴ്സിൽ ഡോക്ടറേറ്റ് ബിരുദധാരിയായ അദ്ദേഹം പതിനെട്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന റേഡിയോ മാറ്റൊലിയുടെ നാലാമത്തെ ഡയറക്ടറാണ്. റേഡിയോ മാറ്റൊലി കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസമ്മേളനത്തിൽ ഡയറക്ടർ ഫാ. ബിജോ തോമസ് കറുകപ്പിളളിൽ അധ്യക്ഷത വഹിച്ചു. ദേശീയ-അന്തർദേശീയതലങ്ങളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെടുകയും സവിശേഷമായി വയനാടിന്റെ സാംസ്കാരികഭൂമിയിൽ പുത്തൻ മാധ്യമ ദിശാബോധം നൽകുകയും ചെയ്ത റേഡിയോ മാറ്റൊലിക്ക് ജോഫ്രി അച്ചന്റെ നേതൃത്വം മുതൽക്കൂട്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. റേഡിയോ മാറ്റൊലിയുടെ പതിനെട്ടാമത് വാർഷികാഘോഷ സമ്മേളനവും ശ്രോതാക്കളുടെ സംഗമവും മെയ് 30-ന് റേഡിയോ മാറ്റൊലി കോൺഫറൻസ് ഹാളിൽ നടക്കുമെന്നും ഫാ. ബിജോ തോമസ് കറുകപ്പിളളിൽ അറിയിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ബിവാൾഡിൻ തേവർകുന്നേൽ, ഫാ. സന്തോഷ് കാവുങ്കൽ, സീനിയർ എക്സ്പേർട്ട് വോളന്റിയർമാരായ കെ. കെ. ചന്ദ്രശേഖരൻ, ജോസ് കുരിശിങ്കൽ എന്നിവർ ആശംസകൾ നേർന്നു.





Leave a Reply