മെഡിസെപ്: ജീവനക്കാരെ കൊള്ളയടിക്കുന്ന സമീപനം തിരുത്തുക: കേരള എൻ.ജി.ഒ സംഘ്
മാനന്തവാടി : ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജീവനക്കാരെ കൊള്ളയടിക്കാനുള്ള മാർഗം മാത്രമായി മാറിയതായി കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രാരംഭകാലഘട്ടത്തിൽ 500 രൂപയായിരുന്ന പ്രതിമാസ പ്രീമിയം 687 രൂപയായി കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ചു. എന്നാൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും യാതൊരു സാമ്പത്തിക വിഹിതവും ഈ പദ്ധതിക്കായി നീക്കിവച്ചിട്ടില്ല. ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം ലഭിക്കാൻ കാലതാമസം നേരിടുന്നു എന്ന കാരണം പറഞ്ഞ് ആശുപത്രികൾ രോഗികളിൽ നിന്നും മുൻകൂർ തുകയോ (അഡ്വാൻസ് ) മുഴുവൻ ബിൽ തുകയോ ഈടാക്കുന്നു. ഇത് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ തേടിയെത്തുന്ന സാധാരണ ജീവനക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളും തമ്മിലുള്ള ഏകോപനമില്ലായ്മയും വീഴ്ചകളും രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ വരുന്നതിന് കാരണമാകുന്നു.
നിസാരമായ കാരണങ്ങൾ പോലും ചൂണ്ടികാട്ടി ക്ലെയിമുകൾ വ്യാപകമായി നിരസിക്കപ്പെടുന്നു. 21/04/2026-ൽ ലഭിച്ച വിവരാവകാശ രേഖ (RTI/20785/2026) പ്രകാരം, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 50 ശതമാനത്തിലധികം ക്ലെയിമുകളും നിരസിച്ചതായാണ് അറിയാൻ സാധിക്കുന്നത്. തികച്ചും അന്യായമായാണ് ഇത്തരം ക്ലെയിമുകൾ നിരസിക്കപ്പെടുന്നത്. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ മെഡിസെപ് ഗുണഭോക്താക്കൾക്ക് പൂർണ്ണമായും ക്യാഷ്ലെസ്സ് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. അഡ്മിറ്റ് ചെയ്യപ്പെട്ട 24 മണിക്കൂറിനുള്ളിൽ തന്നെ ഇൻഷുറൻസ് കമ്പനിയുടെ പ്രീ-ഓതറൈസേഷൻ ലഭ്യമാക്കുന്നതിനുള്ള കർശന നിർദ്ദേശം സർക്കാർ നൽകേണ്ടതാണ്.
അന്യായമായി ക്ലെയിമുകൾ നിരസിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾക്ക് വ്യക്തവും സുതാര്യവുമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും നല്കേണ്ടതുണ്ട്. കൂടാതെ മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നിരസിക്കപ്പെട്ട ക്ലെയിമുകളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ ഒരു അന്വേഷണമോ ഓഡിറ്റോ നടത്താൻ സർക്കാർ തയ്യാറാകണം. ജിവനക്കാരെ പൂർണ്ണമായും വഞ്ചിച്ച ഇടതു സർക്കാർ കൈക്കൊണ്ട നടപടികൾ തിരുത്തി സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജീവനക്കാർക്ക് ഗുണപ്രധമായ വിധത്തിൽ പദ്ധതിയെ മാറ്റുന്നതിനുള്ള നടപടികൾ നിലവിലുള്ള സർക്കാർ സ്വീകരിക്കണമെന്നും എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. എം കെ പ്രസാദ്, സുധി എം ആർ, സുരേഷ് പി , വി ശിവകുമാർ , അമൃത് രാജ് എം, ടി.ജി മഹേഷ് , വി.കെ ഭാസ്ക്കരൻ , സന്തോഷ് ആർ , നിധിഷ് കെ എൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply