ഒരപ്പുവയലിൽ കടുവയ്ക്കായി ഡ്രോൺ പരിശോധന; കൂട് വെക്കാൻ നടപടി
ഒരപ്പുവയൽ: സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഒരപ്പുവയൽ ഭാഗത്ത് കടുവ സാന്നിധ്യം ഉള്ള പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ഏക്കർ കണക്കിന് സ്ഥലങ്ങൾ കാടുമൂടി കിടക്കുന്നതിനാൽ ഡ്രോൺ പരിശോധനയിൽ കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ ആഷിക് അലി യു.വിന്റെ നിർദ്ദേശാനുസരണം ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം. കെ. രാജീവ് കുമാർ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ. പി. അബ്ദുൽ ഗഫൂർ, കൽപ്പറ്റ ആർ. ആർ. ടി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. കെ. രഞ്ജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. എസ്. സുരേഷ്, മീനങ്ങാടി പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശാന്തി സുനിൽ, ഷമീർ, അനില രാജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പ്രദേശത്ത് കടുവയെ പിടികൂടുന്നതിനായി കൂട് വെക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായും നിരീക്ഷണ കമ്മിറ്റി മീറ്റിംഗ് ഇന്ന് തന്നെ ചേരുമെന്നും കാടുമൂടി കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗത്ത് വയനാട് ഡി. എഫ്. ഒ അറിയിച്ചു. പ്രദേശത്ത് രാത്രികാല പട്രോളിംഗും നടത്തുന്നതാണ്.





Leave a Reply