വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ വനം വകുപ്പിന്റെ കൂട്ടിലായി
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റെയിഞ്ച്, പൊൻകുഴി സെക്ഷൻ പരിധിയിൽ വരുന്ന ചിറമൂല പ്രദേശത്ത് വളർത്തുമൃഗങ്ങളെ പലതവണ ആക്രമിച്ച് കൊലപ്പെടുത്തിയ ആക്രമണകാരിയായ കടുവയെ വനം വകുപ്പ് പിടികൂടി. ഉന്നതി കോളനിവാസികളുടെ പരാതിയെയും പ്രദേശത്തെ സാഹചര്യം വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിൽ, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് കടുവയെ പിടികൂടുന്നതിനുള്ള പ്രത്യേക നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 2026 ജൂൺ 21-ന് കടുവ ആക്രമിച്ച് കൊന്ന പശുക്കിടാവിനെ ഉപയോഗിച്ച് ചിറമൂല മേഖലയിൽ കൂട് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് 2026 ജൂൺ 24-ന് പുലർച്ചെ കടുവ കൂടിനുള്ളിൽ അകപ്പെട്ടു. പിടിയിലായ കടുവയെ വിദഗ്ധ പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കുമായി നിലവിൽ കുപ്പാടിയിലെ അനിമൽ ഹോസ്പൈസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രി. വരുൺ ഡാലിയ, ശ്രി. അരുൾ ശെൽവൻ, അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, ശ്രി. അജിത്ത് കെ. രാമൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ശ്രീമതി. നസ്ന.ടി.ടി, അസി. വൈൽഡ് ലൈഫ് വാർഡൻ, ബത്തേരി റെയിഞ്ച്, കുപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമിലെ ജീവനക്കാർ, പൊൻകുഴി സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മറ്റ് ഫീൽഡ് ജീവനക്കാർ എന്നിവരാണ് കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത്.





Leave a Reply