അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു
കൽപറ്റ: ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആഘോഷിച്ചു. ‘യോഗ ഫോർ ഹെൽത്തി ഏജിങ് ‘ എന്ന ആശയത്തിലൂന്നിയുള്ള പരിപാടികൾ ആരോഗ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ ആയുർവേദ ആശുപത്രി കൽപറ്റയിലെ സി.എം.ഒ ഡോ. ബിനോയ് എ.പി. ചടങ്ങിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങ് കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാൻ പി. വിശ്വനാഥൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അതിന്റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ ശക്കീര സൈതലവി, എച്ച്.എം.സി മെമ്പർ റസാഖ്, യോഗാ വിദ്യാർത്ഥി പ്രതിനിധി അലവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സദസ്സിൽ വാർഡ് കൗൺസിലർമാരായ ദീപ എ.കെ., ഷബ്‌ന രവി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തുടർന്ന് പരിപാടിയുടെ ഭാഗമായി വാർഡ് കൗൺസിലർ രവി ആലപിച്ച നാടൻപാട്ട് വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. യോഗയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഡോ. ലക്ഷ്മി നായർ അവബോധ ക്ലാസ് നയിച്ചതിനെ തുടർന്ന് നടന്ന യോഗ പരിശീലന ക്ലാസ്സിൽ രോഗികളും ജീവനക്കാരുമടക്കം നിരവധി പേർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ. ചടങ്ങിന് ഏവർക്കും നന്ദി രേഖപ്പെടുത്തി.





Leave a Reply