ലോറി മറിഞ്ഞ് വീട് തകർന്നു; ഉടമയും ജനപ്രതിനിധികളും കൈവിട്ടതോടെ നീതിതേടി ഒരു കുടുംബം പെരുവഴിയിൽ
കൽപ്പറ്റ: ലോറി മറിഞ്ഞ് വീട് തകർന്ന സംഭവത്തിൽ നീതി ലഭിക്കാതെ ഒരു കുടുംബം വഴിയാധാരമാകുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം സ്വദേശി അനിലും കുടുംബവുമാണ് കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ട് ദുരിതത്തിലായത്. കഴിഞ്ഞ മേയ് 18-നായിരുന്നു ഇവരുടെ വീടിന് മുകളിലേക്ക് മരം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടമുണ്ടായത്. റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞ് താഴെയുള്ള വീടിന്റെ കിടപ്പുമുറിക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. ഈ സമയം അനിലിന്റെ രണ്ടു മക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഇവർ ഓടിരക്ഷപ്പെട്ടതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ വീടിന്റെ അടിത്തറയ്ക്ക് ഉൾപ്പെടെ ഇളക്കംതട്ടുകയും വീട്ടുപകരണങ്ങൾ പൂർണമായി നശിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ലോറി കൊണ്ടുപോകരുതെന്ന് വീട്ടുകാർ വാർഡ് മെമ്പറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽവെച്ച് 2.35 ലക്ഷം രൂപ നൽകാമെന്ന വ്യവസ്ഥയിൽ ഒത്തുതീർപ്പുണ്ടാക്കുകയും അന്നുരാത്രിതന്നെ ലോറി കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും വീട് നന്നാക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഇതേക്കുറിച്ച് വാർഡ് മെമ്പറെ സമീപിച്ചപ്പോൾ ആദ്യം പഞ്ചായത്ത് വീട് നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതും ഇല്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. ഇതിനിടയിൽ നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്ക് പരാതി നൽകി. ഈ പരാതിയെക്കുറിച്ച് അറിഞ്ഞ ലോറി ഉടമ ഇനി പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതായി പിന്നീട് വാർഡ് മെമ്പർ വീട്ടുകാരെ ധരിപ്പിച്ചു. ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളും കൈയൊഴിഞ്ഞതോടെ രോഗിയായ ഭർത്താവിനെയും മക്കളെയും കൂട്ടി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിന്ദു. നിലവിൽ കാട്ടാന ശല്യമുള്ള കാടിനോട് ചേർന്ന പ്രദേശത്താണ് ഈ നിർധന കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. വായ്പയെടുത്തും കടം വാങ്ങിയും ഉണ്ടാക്കിയ ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ട ഇവർക്ക് ഇപ്പോൾ വാടക കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. അറിവില്ലാത്ത മനുഷ്യരാണെന്ന് കരുതി തങ്ങളെ എല്ലാവരും ചേർന്ന് കബളിപ്പിക്കുകയാണെന്നും തങ്ങൾക്ക് നീതി വേണമെന്നുമാണ് ഈ കുടുംബത്തിന്റെ കണ്ണീരോടെയുള്ള ആവശ്യം.





Leave a Reply