സംഘപരിവാർ അജണ്ടയ്ക്ക് സംസ്ഥാന സർക്കാർ വഴങ്ങുന്നു: ജെയ്‌ക് സി തോമസ്
മാനന്തവാടി: സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാരെന്ന യജമാനന് വഴങ്ങുന്നവരാക്കി മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാന സർക്കാരിനെ മാറ്റുകയാണെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് ആരോപിച്ചു. എൻ വി ബിനീഷ് നഗറിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിലെത്തിയത് മുതൽ സംസ്ഥാന സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തെ തകർക്കാൻ അദാനി ഗ്രൂപ്പിന്റെ ക്ഷണം സ്വീകരിച്ച് മംഗളൂരു യാത്ര നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. മുൻപ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പിഎംശ്രീ ഉൾപ്പെടെയുള്ളവ ഇപ്പോൾ സർക്കാരിന്റെ അഭിമാന പദ്ധതിയായി മാറിയിരിക്കുന്നു. എന്നാൽ, മുണ്ടക്കൈ അതിജീവിതർക്ക് ലോകമാതൃകയായി ടൗൺഷിപ്പ് ഉൾപ്പെടെ ഒരുക്കിയാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും എങ്ങനെ നേരിടണമെന്ന് എൽഡിഎഫ് കാണിച്ചുതന്നപ്പോൾ, കള്ളാടി ദുരന്തത്തിലും പകർച്ചവ്യാധികൾ പരന്നപ്പോഴും കൂട്ടുത്തരവാദിത്വം തകർന്ന ഭരണസംവിധാനമായി യുഡിഎഫ് സർക്കാർ മാറി. നിയമസഭയിൽ 102 എംഎൽഎമാരുണ്ടെന്ന ബലത്തിൽ കേരളത്തിന്റെ നന്മകളെല്ലാം തകർക്കാനാണ് ശ്രമമെങ്കിൽ ലക്ഷക്കണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ അണിനിരന്ന് അതിനെതിരെ പ്രതിരോധം തീർക്കുമെന്നും ജെയ്ക് സി തോമസ് പറഞ്ഞു.





Leave a Reply