ട്രൈബൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കിൽ എജുക്കേഷൻ പദ്ധതിയുമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിലെ ഉന്നതികളിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കിൽ എജുക്കേഷൻ നടപ്പിലാക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്കായി വിവിധതരത്തിലുള്ള സ്കിൽ എജുക്കേഷൻ സ്കീമുകൾ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും കിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ എന്ന സ്ഥാപനവും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ട്രൈബൽ വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ നിരക്കിലും, ജനറൽ വിദ്യാർഥികൾക്ക് 50 ശതമാനം കിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ അക്കാദമി സ്പോൺസർ ചെയ്യുന്നതുമായിരിക്കും പദ്ധതി. ബാക്കി 50 ശതമാനം തുക ജനറൽ വിദ്യാർഥികൾ വഹിക്കണം. GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്), GNA (ജനറൽ നേഴ്സിങ് അസിസ്റ്റന്റ്), CSSD (സെൻട്രൽ സ്റ്റീൽസ് സാബ്രിംഗ് ഡിപ്പാർട്ട്മെന്റ്), BCS (ബ്ലഡ് കാറ്റേർ സ്റ്റാഫ്), ഫാർമസി അസിസ്റ്റന്റ്, MCA (മെഡിക്കൽ ലബോറട്ടറി അസിസ്റ്റന്റ്), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുക. പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനനിലവാരം ഉയർത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, സാമൂഹ്യ വിപത്തുകളായ ലഹരികളുടെ ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണം ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് സ്കിൽ മേഖലയിൽ സൗജന്യമായി ട്രൈബൽ വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായിട്ടുള്ള ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ട്രൈബൽ ഓഫീസറുടെയും ട്രൈബൽ പ്രമോട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പി. സി. മമ്മൂട്ടി, പഞ്ചായത്ത് സെക്രട്ടറി രാകേഷ്, ട്രൈബൽ ഓഫീസർ വിനിഷ, പ്രമോട്ടർമാരായ അമ്പിളി വി. ആർ., പുഷ്പ, ബിനിജ, അനൂപ്, അമ്പിളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply