കള്ളാടി മണ്ണിടിച്ചിൽ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ഹർജി പരിഗണിക്കവെ, പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാൻ കഴിയില്ലെന്ന അതോറിറ്റിയുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ സർക്കാരിനോട് പത്ത് ദിവസത്തിനകം മറുപടി നൽകാൻ കോടതി നിർദേശിച്ചു.
തുരങ്കപാത നിർമാണത്തിനായി ഖനനം ചെയ്ത് കൂട്ടിയിട്ടിരുന്ന ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഗുരുതര അപകടസാധ്യത സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്ന നിർദേശം അവഗണിക്കപ്പെട്ടുവെന്നും അമിക്കസ് ക്യൂറിയായ അഡ്വ. രഞ്ജിത്ത് തമ്പാൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന് മറുപടി നൽകാനാണ് സംസ്ഥാന സർക്കാരിന് കോടതി പത്ത് ദിവസത്തെ സാവകാശം അനുവദിച്ചത്.
അതേസമയം, മണ്ണിടിച്ചിൽ നടന്ന പ്രദേശം ഇന്നലെ സന്ദർശിച്ച വിദഗ്ധ സമിതി പ്രാഥമിക പരിശോധന നടത്തി. ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിലെത്താനാകില്ലെന്നും വ്യക്തമാക്കിയ സമിതി, നിർമാണ പ്രവർത്തനങ്ങൾ, പരിസ്ഥിതി അനുമതികൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക.





Leave a Reply