September 8, 2026

വയനാടിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല്: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് 250 എംബിബിഎസ് സീറ്റുകൾ

0
IMG_20260907_161453
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും 250 സീറ്റുകളായി ഉയർന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (എൻഎംസി ) കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും (കെ യു എച് എസ് )നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വർധനയ്ക്ക് അംഗീകാരം ലഭിച്ചത്.100 സീറ്റുകളുടെ വർധനയോടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ഇനി വയനാടിന് സ്വന്തം. ഇതോടെ കൂടുതൽ വിദ്യാർത്ഥികളിലേക്ക് ഗുണമേന്മയുള്ള മെഡിക്കൽ വിദ്യാഭ്യാസവും മികച്ച ക്ലിനിക്കൽ പരിശീലനവും ലഭ്യമാക്കുന്നതിന് ഈ സീറ്റ് വർധന വഴിയൊരുക്കും. ആധുനിക ചികിത്സാ സംവിധാനങ്ങൾ, പരിചയസമ്പന്നരായ അധ്യാപകർ, വിപുലമായ ക്ലിനിക്കൽ സൗകര്യങ്ങൾ, പഠന-ഗവേഷണ രംഗത്തെ തുടർച്ചയായ വികസനം, മികച്ച രീതിയിലുള്ള പശ്ചാത്തലം, ദേശീയ നിലവാരം പുലർത്തുന്ന ഡിപ്പാർട്മെന്റ് മ്യൂസിയങ്ങളും ലക്ചർ ഹാളുകളും, പാഠ്യേതര മേഖലകളിലെ നിറഞ്ഞ സാന്നിധ്യം, ഉയർന്ന പഠന നിലവാരം എന്നിവയിലൂടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കൈവരിച്ച മുന്നേറ്റമാണ് 250 സീറ്റുകളെന്ന സുപ്രധാന നേട്ടത്തിലേക്ക് കോളേജിനെ നയിച്ചത്‌.

 

മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ദീർഘദർശനപരമായ ഇടപെടലുകളുടെ തുടർച്ചയായാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ വളർച്ച. ഗുണമേന്മയുള്ള ആരോഗ്യസേവനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡോ. ആസാദ്‌ മൂപ്പൻ 2012ൽ വയനാട്ടിലെ മേപ്പാടിയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ആരോഗ്യരംഗത്തിന് പ്രാവീണ്യമുള്ള ഡോക്ടർമാരെ വളർത്തിയെടുക്കുന്നതിനായി പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ എം ബി ബി എസ് പഠനവും, ഒപ്പം പ്രവേശന പരീക്ഷകളിൽ നിശ്ചിത ശതമാനം മാർക്കും എന്നാൽ സാമ്പത്തീക പരാധീനതകളും അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി നഴ്സിംഗ്, ഫാർമസി കോഴ്സുകൾ പഠിക്കുവാനുള്ള അവസരവും ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലൂടെ നൽകി വരുന്നു.

വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം, സാമൂഹിക പ്രതിബദ്ധത എന്നിവ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന സമഗ്ര ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രമായി മാറാൻ കുറഞ്ഞ കാലംകൊണ്ട് കഴിഞ്ഞത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ വ്യത്യസ്തമാക്കുന്നു.

നഴ്സിംഗ്, ഫാർമസി കോഴ്സുകൾക്ക് പുറമെ മറ്റനേകം തൊഴിലധിഷ്ഠിത കോഴ്സുകളും ക്യാമ്പസിൽ നടന്നുവരുന്നു. കൂടാതെ ജൈവ വൈവിധ്യങ്ങളുടെ നാടായ വയനാട്ടിൽ അന്യം നിന്ന് പോകുന്ന സസ്യലതാദികളെ സംരക്ഷിയ്ക്കുന്നതിനും പുതു തലമുറയ്ക്ക് അത്തരം അറിവുകൾ പകരുന്നതിന് ഉതകുംവിധം വിശാലമായ നസീറ ബൊട്ടാണിക്കൽ ഗാർഡനും റേഡിയേഷൻ അടക്കമുള്ള നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും വരും മാസങ്ങളിൽ ക്യാമ്പസിൽ പ്രവർത്തനസജ്ജമാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *