പൂക്കോട് തടാകം അഴിമതിക്കേസ്: കെ.ടിയു ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിന് സസ്പെൻഷൻ
തിരുവനന്തപുരം: പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ ആനന്ദിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശപ്രകാരം സർവകലാശാലയുടെ ഈ നടപടി. ക്രമക്കേട് നടക്കുന്ന സമയത്ത് വയനാട് ഡി.ടി.പി.സി മെമ്പർ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുള്ളതിനാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ വേണമെന്ന് വിജിലൻസ് സർക്കാറിനെ അറിയിച്ചിരുന്നു. സർവകലാശാല പരീക്ഷ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്ന ഉയർന്ന പദവി ഗൗരവമേറിയതും രഹസ്യ സ്വഭാവമുള്ളതുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ, വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇത്തരം പദവികളിൽ തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് സർവകലാശാല ഉത്തരവിറക്കിയത്.




Leave a Reply