September 19, 2026

കാലാവസ്ഥാ പ്രതിരോധ നടപടികൾക്ക് സാമ്പത്തിക സഹായം നൽകണം: കേന്ദ്രത്തോട് മന്ത്രി ടി. സിദ്ദിഖ്

0
IMG_20260919_100227
By ന്യൂസ് വയനാട് ബ്യൂറോ

ഹൈദരാബാദ്: കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നൽകണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷിവകുപ്പ് മന്ത്രിമാരുടെ സൗത്ത് സോൺ അഗ്രികൾച്ചറൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും രാത്രികാലങ്ങളിൽ 20 ഡിഗ്രിക്കും പകൽസമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നതെന്നും ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളും പദ്ധതികളും കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കിവരുന്നുണ്ടെങ്കിലും സാമ്പത്തിക പരിമിതികളാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. എൽ നിനോ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങളുടെ ഫലമായി കനത്ത ചൂടും വരൾച്ചയും അനുഭവപ്പെടുന്നതോടൊപ്പം അതിതീവ്ര മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാകണമെന്നും, അല്ലാത്തപക്ഷം പ്രതിരോധ പ്രവർത്തനങ്ങൾ പിന്നോട്ടടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാനമായ പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

 

നിലവിലെ നാല് ശതമാനം പലിശനിരക്ക് നിലനിർത്തിക്കൊണ്ട് കർഷകർക്കായുള്ള കെ.സി.സി. വായ്പയുടെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തണമെന്നും ഓണാട്ടുകര വികസന ഏജൻസി വികസിപ്പിച്ചെടുത്ത വിത്തിന്റെ ജി.ഐ. പദവി നഷ്ടമാകുന്ന വിധത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കാർഷിക മേഖലയിലെ ഡിജിറ്റൽവൽക്കരണവും പാം ഓയിൽ ഉൽപ്പാദനം ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളും ചർച്ചയായി. വനിതാ കർഷക വർഷത്തിൽ കേരളം നടപ്പാക്കുന്ന കൃഷിസഖി പദ്ധതിയെക്കുറിച്ചും വിദ്യാർത്ഥികൾക്കായുള്ള കതിർ പദ്ധതിയെക്കുറിച്ചും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. കേന്ദ്ര കൃഷിസഹമന്ത്രിമാരായ രാംനാഥ് ഠാക്കൂർ, ഭഗീരഥ് ചൗധരി എന്നിവരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *