ഹോംസ്റ്റേയിൽ മിന്നൽ പരിശോധന; വിൽപ്പനയ്ക്കായി എത്തിച്ച ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ
ബത്തേരി: വയനാട്ടിൽ ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ചെതലയം ആറാം മൈൽ സ്വദേശി വെട്ടുപറപ്പുറത്ത് അഭിലാഷ് വി.ജി. (44), ബത്തേരി പണയമ്പം സ്വദേശി തെക്കേകുന്നത്ത് ഷെമിൻ ഫ്രാൻസിസ് (32) എന്നിവരാണ് വനം വകുപ്പ് വിജിലൻസ് സംഘം പിടികൂടിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്ട് റെയിഞ്ചിൽ ഉൾപ്പെട്ട ചെതലയത്തുള്ള ‘കാസ ഹോറിസോൺ’ ഹോം സ്റ്റേയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
ഇവരിൽ നിന്ന് രണ്ട് പൂർണ്ണമായ ആനക്കൊമ്പുകളും ഒരു ആനക്കൊമ്പ് കഷണവും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചെതലയം ആറാം മൈലിലെ അശ്വനി ആയുർവേദ ക്ലിനിക്കിന് എതിർവശത്തുള്ള ഹോം സ്‌റ്റേയിൽ ആന ക്കൊമ്പ് വിൽപ്പന നടക്കുന്നുണ്ടെന്ന് കൽപ്പറ്റ വനം വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ വിജിലൻസ് റെയിഞ്ച് സം ഘവും കുറിച്യാട് റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്.
കൽപ്പറ്റ വിജിലൻസ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, കുറിച്യാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഇ. ബൈജുനാഥ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എം ബിനീഷ്, ബി.എഫ്.ഒമാരായ കെ.സി. വിപിൻ ദാസ്, സംഗീത് കരുണാകരൻ, എം.എൽ നിശ, ഡ്രൈവർ കെ. കെ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.





Leave a Reply