ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കൽപ്പറ്റ: നഗരസഭ സി.ഡി.എസ് ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ പഠന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശശിധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സൗമ്യ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സഫിയ പി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിനി എ, ആർ. മുഹമ്മദ് റാഫിൽ, കൗൺസിലർമാരായ ദീപ ഏ.വി, എം. രവി, ചാർജ് ഓഫീസർ സുനി എം.എം എന്നിവർ ആശംസകൾ അറിയിച്ചു.
എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സജിത് കുമാർ എൻ.സി ലഹരി വിരുദ്ധ പഠന ക്ലാസും, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സി. കാജോൾ ബാലസഭ കുട്ടികൾക്കായി സമ്പാദ്യശീലം വളർത്തുന്നതിനുള്ള ക്ലാസും നയിച്ചു. പതിനഞ്ചാം വാർഡ് ഗ്രാമത്ത് വയലിലെ ശക്തി ബാലസഭാ അംഗമായ എസ്. അൻവിതയ്ക്ക് സമ്പാദ്യം നൽകിക്കൊണ്ടാണ് സമ്പാദ്യ ശീല ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നടന്ന ഭക്ഷണമേള മത്സരത്തിൽ നാലാം വാർഡിലെ കളിക്കൂട്ടം ബാലസഭ ഒന്നാം സ്ഥാനവും, പതിനഞ്ചാം വാർഡിലെ ശക്തി ബാലസഭ രണ്ടാം സ്ഥാനവും, പന്ത്രണ്ടാം വാർഡിലെ സംഗമം ബാലസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിവിധ ജാഗ്രത സമിതികളെക്കുറിച്ചും, കമ്മ്യൂണിറ്റി കോർഡിനേറ്റർ പി. വിശാലാക്ഷി ജെൻഡറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ക്ലാസുകൾ കൈകാര്യം ചെയ്തു. സി.ഡി.എസ് സാമൂഹ്യ വികസന ഉപസമിതി കൺവീനർ ബിന്ദു ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




Leave a Reply