October 7, 2026

ചുരം ഗതാഗതക്കുരുക്ക് മുതല്‍ എഐ പഠനം സാധ്യകള്‍ വരെ: കളക്ടറോട് സംവദിച്ച് വിദ്യാര്‍ഥികള്‍

0
IMG-20261007-WA0171(1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക ആശയങ്ങള്‍ കേട്ട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ നേതൃത്വത്തില്‍ ‘ഗുഡ് മോര്‍ണിംഗ് കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 16 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ കളക്ടറോട് സംവദിച്ചത്. താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കാന്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍, റിയല്‍ ടൈം ട്രാഫിക് അലര്‍ട്ട് ആപ്പുകള്‍ എന്നിവ സ്ഥാപിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആശയം മികച്ചതാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. വന മേഖലകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ മൊബൈല്‍ നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ പരിഹരിക്കാന്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കല്‍, നഴ്‌സിങ്, ലോ കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ജില്ലയില്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

 

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതിനേക്കാള്‍ പ്രായോഗിക പരീക്ഷണങ്ങളിലൂടെയും പ്രാക്ടിക്കല്‍ നോളജിലൂടെയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഭാഷാപരമായ പ്രയാസങ്ങള്‍ നേരിടുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി എ.ഐസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ആധുനിക മാര്‍ഗ്ഗങ്ങളും പ്രായോഗിക പഠന സൗകര്യങ്ങളുംലഭ്യമാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. അവധിക്കാലങ്ങള്‍ക്ക് ശേഷം ഗോത്രവിഭാഗങ്ങളിലെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്താത്തത്, കൊഴിഞ്ഞുപോക്ക് തടയാന്‍ സിനിമാ പ്രദര്‍ശനം, കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വാഹന സൗകര്യം എന്നിവ വിപുലീകരിച്ച് കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണ ഒരുക്കാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, ക്യാമറകള്‍, സോളാര്‍ ഫെന്‍സിങ്ങ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ വിപുലമാക്കുന്നതിനൊപ്പം പരമ്പരാഗത അറിവുള്ള ഗോത്രസമൂഹത്തിന്റെ പങ്കാളിത്തവും സന്നദ്ധ പ്രവര്‍ത്തകരുടെസേവനവും പ്രയോജനപ്പെടുത്തും.കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്നൊവേഷന്‍ ലാബുകള്‍, വിദ്യാര്‍ഥികളുമായ് സംവാദങ്ങള്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ലഹരിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ഗുഡ് ടച്ച്, ബാഡ് ടച്ച് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ജാഗ്രതപാലിക്കണമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *