അമ്പലവയലിൽ ഹെലിപ്പാട് നിർമ്മാണം ആരംഭിച്ചു
അമ്പലവയൽ: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആധുനിക സംവിധാനത്തോടെ അമ്പലവയലിൽ നിർമ്മിക്കുന്ന ഹെലിപ്പാടിന്റെ നിർമ്മാണപ്രവൃത്തി ആരംഭിച്ചു. അമ്പലവയൽ ടൗണിന് 200 മീറ്റർ മാത്രം അകലെയാണ്, പോലീസ് സ്റ്റേഷൻ റോഡിൽ കേരള കാർഷിക സർവ്വകലാ ശാലയുടെ സ്ഥലത്ത് ഹെലിപ്പാടിന്റെ നിർമ്മാണം നടക്കുന്നത്. ഇന്ത്യൻ നേവിയുടെ ഉൾപ്പെടെ വലിയ ഹെലികോപ്റ്ററുകൾക്ക് പോലും ലാൻഡ് ചെയ്യാൻ കഴിയുന്ന സൗകര്യത്തോടെയാണ് ഹെലിപ്പാടിന്റെയും, റോഡിന്റെയും നിർമ്മാണം നടക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണതോറിറ്റി ഫണ്ട് ഉപയോഗിച്ച് വയനാട് ജില്ലാ ഭരണകൂടവും, അമ്പലവയൽ ഗ്രാമപഞ്ചായത്തും പദ്ധതിയുടെ നടത്തിപ്പിനായി സജീവമായി രംഗത്തുണ്ട്. വയനാടിന്റെയും പ്രത്യേകിച്ച് അമ്പലവയലിന്റെയും സമഗ്ര വികസനത്തിന് പദ്ധതി പ്രയോജനപെടുമെന്ന് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാർ പറഞ്ഞു. പ്രകൃതി ക്ഷോഭവും, പ്രതികൂല കാലാവസ്ഥയും കാരണം പ്രതിസന്ധി ഉണ്ടാവുമ്പോൾ അടിയന്തര സഹായം എത്തിക്കാനും, വിവിഐപികളുടെ സന്ദർശനത്തിനും, ടൂറിസം മേഖലയുടെ വളർച്ചക്കും ഹെലിപ്പാട് യാഥാർഥ്യമാവുന്നതോടെ വലിയ മുതൽക്കൂട്ടാവും.
അമ്പലവയലിന് വലിയവികസന നേട്ടമാവുമെന്നും നവംബർ പകുതിയോടെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം ഹെലിപ്പാട് നിർമ്മാണ സ്ഥലം സന്ദർശിച്ച പ്രസിഡന്റ് അറിയിച്ചു. ബീന അബു, കെ.കെ ബാബു, ഷഫീക്ക് പി , സിജി,റജില, റംല,നിഷ, ജിൻസി എം, ആമിന, ജിൻസി കെ.സി, സിന്ധു, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.




Leave a Reply