October 20, 2026

ചുവപ്പുനാടയിൽ കുരുങ്ങി പുനരധിവാസ പട്ടിക; ദുരന്തബാധിതരുടെ കാത്തിരിപ്പ് നീളുന്നു

0
IMG-20261020-WA0096
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് താൽക്കാലിക തണലുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നു. ദുരന്തം നടന്ന് രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാറിന്റെ കനിവും കാത്ത് നിരവധിയാളുകളാണ് ഇപ്പോഴും വാടകവീടുകളിൽ കഴിയുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ മുൻപ് പ്രക്ഷോഭം നയിച്ച യു.ഡി.എഫ് അധികാരത്തിൽ വന്ന് അഞ്ച് മാസമായിട്ടും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.

 

നൂറിലധികം പേരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താനുണ്ടെന്ന് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും മന്ത്രിയും വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നരവർഷം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല. നിലവിൽ 441 പേരാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഇടംനേടിയത്. ഇതിൽ ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 114 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയതോടെ പട്ടിക 327 ആയി ചുരുങ്ങി. നേരത്തെ 402 വീടുകൾ നിർമിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇത് 335 ആയി ചുരുക്കിയതായാണ് വിവരം.

 

അർഹരായ പലരും പുറത്തായതോടെ ആക്ഷേപങ്ങൾ സ്വീകരിക്കുകയും അദാലത്ത് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വിവിധ സംഘടനകളിൽ നിന്ന് ഗുണഭോക്താക്കളുടെ ലിസ്റ്റ് ശേഖരിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. എസ്റ്റേറ്റ് പാടികളിലുള്ളവരും പടവെട്ടിക്കുന്നിലുള്ളവരുമടക്കം ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. വെള്ളരിമല പുതിയ വില്ലേജിൽ ചൂരൽമലയിൽ സ്ഥലം കണ്ടെത്തിയെങ്കിലും ആദിവാസി വിഭാഗത്തിന്റെ പുനരധിവാസവും എങ്ങുമെത്തിയിട്ടില്ല. നിലവിൽ 178 വീടുകളാണ് ദുരന്തബാധിതർക്ക് കൈമാറിയത്. ബാക്കി 149 വീടുകൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പൊതുജനങ്ങളും സംഘടനകളും സംഭാവനയായി നൽകിയ കോടികൾ സർക്കാർ അക്കൗണ്ടിൽ ഉള്ളപ്പോഴും, അർഹമായ പുനരധിവാസത്തിന് സർക്കാർ ജാഗ്രത കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *