April 19, 2024

മാറുന്ന സിനിമ; മാറുന്ന മാധ്യമ ലോകം; സംവാദവുമായി ശില്‍പ്പശാല

0
Img 20221125 Wa00302.jpg
കൽപ്പറ്റ :പുതിയകാലത്തെ സിനിമയും ആസ്വാദനവും തിരക്കഥയുമെല്ലാം എങ്ങിനെ വേറിട്ടുനില്‍ക്കുന്നു. മാറുന്ന മാധ്യമലോകത്തെ സാങ്കേതികതയും വ്യാജവാര്‍ത്തകളുടെ പ്രതിരോധവുമെല്ലാം സംവാദമാക്കിയ മാധ്യമ വിദ്യാത്ഥികള്‍ക്കായുള്ള ശില്‍പ്പശാല വേറിട്ടതായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ റെസ്റ്റ് ഹൗസ് ഓഡിറ്റേറിയത്തില്‍ നടന്ന ഏകിദിന മാധ്യമ ശില്‍പ്പശാലയാണ് സമകാലിക പ്രസക്തി കൊണ്ട് ശ്രദ്ധനേടിയത്. 
ജില്ലയിലെ പി.ജി മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്‍പ്പശാലയില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജ്, പുല്‍പ്പള്ളി പഴശ്ശിരാജ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവടങ്ങളിലെ എണ്‍പതോളം വിദ്യാര്‍ത്ഥികളും ഫാക്കള്‍ട്ടികളും പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.
നല്ല സിനിമയിലേക്കും തിരക്കഥയിലേക്കും കുറുക്കുവഴികളില്ല. തിരക്കഥകള്‍ക്ക് നിയതമായ നിയമസംഹിതകളില്ലെങ്കിലും ചുറ്റുപാടുകളിലേക്കുള്ള വിശാലമായ നിരീക്ഷണമാണ് നല്ലതിരക്കഥകളുടെ ജീവനെന്ന് ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തിയ തിരക്കഥാകൃത്തും ദേശീയ അവാർഡ് ജേതാവുമായ സജീവ് പാഴൂര്‍ പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് സിനിമയുടെ ആസ്വാദനതലവും സാങ്കേതികതയും മാറിമറിയുന്നുണ്ട്. ഇതിനനുസരിച്ച് തിരക്കഥകളും വേറിട്ടതാകാം. ഇതാണ് സിനിമയുടെ ചലനാത്മകത. ഈ ബോധ്യമാണ് മലയാള സനിമയുടെയും എക്കാലത്തുമുള്ള പ്രത്യേകതകള്‍. പരന്ന വായനയും സമകാലിക വഴിയിലൂടെയുള്ള മനസ്സിന്റെ യാത്രകളുമാണ് നല്ല സിനിമകളുടെ പിന്നിലെ തിരക്കഥയുടെ കൈയ്യടികളെന്നും സജീവ് പാഴൂര്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം മാറുന്ന കാലം എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തറും ഓണ്‍ലൈന്‍ മാധ്യമം, വ്യാജവാര്‍ത്തകള്‍, സമൂഹമാധ്യമങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദ്ഷാഫിയും വിദ്യാര്‍ത്ഥികളോട് സംവദിച്ചു. തിരിച്ചറിവുകളും ജാഗ്രതയുമാണ് വ്യാജവാര്‍ത്തകളോടുള്ള പ്രതിരോധമെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. ബാംഗ്‌ളൂര്‍ പ്രസാര്‍ഭാരതി അസിസ്റ്റന്റ് ഡയറക്ടര്‍ ഷാഹിദ് ടി.കോമത്ത് മാധ്യമ വിദ്യാര്‍ത്ഥികളും ഉപരിസാധ്യതകളും പഠനങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കരിയര്‍ സാധ്യതകള്‍ എന്നതിനെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് വിഷയാവതരണം നടത്തി. എന്‍.എം.എസ്.എം ഗവ.കോളേജ് ജേണലിസം വിഭാഗം എച്ച്.ഒ.ഡി കെ.എസ്.ഷീജ, പഴശ്ശിരാജ കോളേജ് ജേണലിസം വിഭാഗം തലവന്‍ ഡോ.ജോബിന്‍ ജോയ്, അനീഷ് എം.ദാസ്, പി.ആർ.ഡി അസി. ഇൻഫർമേഷൻ ഓഫീസർ ഹരിദാസ് കെ.സി., സബ് എഡിറ്റർ ഡിസ്‌ന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. അസി.പ്രൊഫസര്‍മാരായ വര്‍ഗ്ഗീസ് ആന്റണി, ഷോബിന്‍മാത്യു എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *