April 29, 2026

തോട്ടം സേവന-വേതന വ്യവസ്ഥകള്‍ കാലോചിതമായ പരിഷ്കരിക്കണം :ബിഎംഎസ്

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനായും, പ്രതിസന്ധി തരണം ചെയ്യുന്നതിനു മായുള്ള റിട്ട: ജസ്റ്റീസ് എൻ.കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ട് 2016ലെ പ്രധാന ശിപാർശകൾ നടപ്പാക്കുവാൻ ചട്ടം മുന്നൂറ് അനുസരിച്ച് മുഖ്യമന്ത്രി 21ന് നിയമസഭയിൽ നടത്തിയ പ്രസ്താവന  സ്വീകാര്യമാണെങ്കിലും ചില അവ്യക്തതകളും, ദുരൂഹതകളും നിലനിൽക്കുന്നതാണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി.എം.എസ്) വയനാട്ജില്ലാ ജനറൽ സെക്റട്ടറി പി.കെ.മുരളീധരൻ.കമ്മീഷൻ തൊഴിലാളികൾക്ക് ഗുണകരമായ ഒട്ടനവധി കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടി കാട്ടിയിട്ടുണ്ടെങ്കിലും അത് നടപ്പാക്കുവാൻ സർക്കാർ തയ്യാറായില്ലെന്നുള്ളത് പ്രതിഷേധാർഹവും നിരാശാജനകവുമാണ്. 

         സേവന-വേതന വ്യവസ്ഥകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ തദ്ദേശീയരായ തൊഴിലാളികൾ ഈ മേഖലയിലേക്ക് കടന്നു വരുവാൻ താൽപ്പര്യം കാണിക്കുകയുള്ളു. ഇപ്പോൾ ഭൂരിപക്ഷം തൊഴിലാളികളും ഇതര സംസ്ഥാനത്തു നിന്നും ഇവിടെ എത്തി കരാർ തൊഴിൽ എടുക്കുകയാണ്.ഇത് തുർന്നാൽ തോട്ടം വ്യവസായം കരാർ സംമ്പ്രദായത്തിലേക്ക് മറുമെന്നതിൽ തർക്കമില്ല. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് പകരം അവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മാർഗ്ഗരേഖകൾക്ക് വിധേയമായി ഭവനം നിർമ്മിച്ചു നൽകുമെന്ന് പറയുമ്പോൾ നിലവിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുൻ ഗണനാ പട്ടികയിലെ ഗുണഭോക്താക്കളെ മറികടന്ന് തോട്ടം തൊഴിലാളികളെ എങ്ങനെ ഉൾപ്പെടുത്തുമെന്നതിന് യാതൊരു വിധ നിർദ്ദേശ മോ, പാക്കേജോ പ്രഖ്യാപിച്ചിട്ടില്ല. 50 % തുക സർക്കാരും,50% തുക കമ്പനി ഉടമകളും നൽകി പണിയുന്ന വീടുകളുടെ ഉടമസ്ഥാവകാശം ആർക്കാ യി രി ക്കും തൊഴിലാളികൾക്കോ, മാനേജ്മെന്റിനോ എന്നും വ്യക്തമാക്കണം. കൂടാതെ തോട്ടം തൊഴിലാളികൾക്ക് വീട് വെക്കാനാവശ്യമായ ഭൂമി സൗജന്യമായി സർക്കാറിന് വിട്ടു നൽകാനായി തോട്ടം ഉടമകളുമായി ഒരു കരാർ ഉടമ്പടി ഉണ്ടാക്കുമെന്ന് പറയുമ്പോൾ നിലവിൽ പാട്ട കാലാവധി കഴിഞ്ഞ് അനധികൃതമായി ഭൂമി കൈവശം വെച്ചു വരുന്ന കമ്പനികൾക്ക് ആ ഭൂമിക്ക് രേഖാപരമായ ഉടമസ്ഥാവകാശം ചാർത്തി കൊടുക്കുവാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുള്ളതായും സംശയിക്കേണ്ടി ഇരിക്കുന്നു.

         ഹാരിസൺസ് മലയാളം കമ്പനിക്ക് അനുകൂലമായ കേരള ഹൈക്കോടതിയുടെ ഈ അടുത്ത കാലത്തുണ്ടായ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് പറഞ്ഞത് നടക്കില്ലെന്നതിന്റെ സൂചനയും ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതിൽ കുറ്റപ്പെടുത്തേണ്ടതില്ല. വൻകിട തോട്ടം ഉടമകൾ പാട്ടക്കാലാവധി കഴിഞ്ഞുംഅനധികൃതമായി കൈവശം വെച്ചു വരുന്ന അധിക ഭൂമി സർക്കാർ ഏറ്റെടുത്ത്ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും ,ഭൂരഹിതർക്കുംവിതരണം ചെയ്യണം എന്നാണ് ബി.എം എസ്സിന്റെ നിലപാട്. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് സി.ഐ.ടി.യു. എ.കെ.എസ്, കെ.എസ്.കെ.ടി.യു. തുടങ്ങിയ സി.പി.ഐ (എം) പോഷക സംഘടനകൾ ഇതേ ആവശ്യവുമായി രംഗത്തുവരുകയും ഭൂമി കയ്യേറി പിടിച്ചെടുക്കൽ സമരവും, കുടിൽ കെട്ടൽ സമരവും നടത്തിയിരുന്നു. ഈ കാര്യത്തിൽ ഇവർ നിലപാട് വ്യക്തമാക്കണം. കാലപ്പഴക്കം ചെന്ന ലക്ഷക്കണക്കിന് റബ്ബർ മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജ് ഒഴിവാക്കിയതിന്റെ മറവിൽ തേയില തോട്ടങ്ങളിലെ സിൽവർഓക്ക്, ഗ്രാന്റീസ്, യൂക്കാലിപ്‌സ് തുടങ്ങിയ വൻമരങ്ങളും പാസ്സോടുകൂടി മുറിച്ചു കടത്തുവാനും ഏറെ സാധ്യതയുണ്ട്. 

       പാട്ടക്കാലാവധി കഴിയുന്ന മുറക്ക് പാട്ടം പുതുക്കി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കി നൽകുമെന്നു പറയുമ്പോൾ ആയത് ലേലത്തിന് വെച്ച് ഏറ്റവും കൂടിയ പാട്ടത്തിനായിരിക്കണം നൽകേണ്ടത്.അല്ലാതെ അതേ കമ്പനിക്ക് തുച്ചമായ പാട്ടത്തിന് നൽകുന്ന സ്ഥിതി ഉണ്ടാവരുത്. ചട്ടം മുന്നൂറ് പ്രകാരം കമ്മീഷൻ റിപ്പോർട്ടിലെ കമ്പനികൾക്ക് അനുകൂലമായ ശിപാർശകൾ നടപ്പാകുവാൻ പ്രസ്താവന നടത്തുമ്പോൾ തൊഴിലാളി സംഘടനകൾ കഴിഞ്ഞ ആറ് മാസക്കാലമായി മാനേജ്മെന്റിനോടു് സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് നൽകി പ്രക്ഷോഭരംഗത്താണ്. പി. എൽ.സി.യിൽ മാനേജ്മെന്റ് ഇതുവരെയും കൂലി ചര്ച്ചയക്ക് തയ്യാറായിട്ടില്ലെന്നുള്ളത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പൂട്ടി കിടക്കുന്നതും, ഉടമകൾ ഉപേക്ഷിച്ചു പോയതുമായ തോട്ടങ്ങൾ ഏറ്റെടുക്കുവാനും, തൊഴിലാളി സഹകരണ സംഘങ്ങൾ വഴി സർക്കാർ സഹായത്തോടു കൂടി പ്രവർത്തിപ്പിക്കുവാനുള്ള തീരുമാനവും. തൊഴിലാളികൾക്ക് ഇ. എസ്.ഐ. നടപ്പാക്കുവാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *