June 6, 2026

നടവയൽ മേഖലയിൽ കാട്ടാന ശല്യത്തിന് അറുതിയില്ല

0
20230413_105156.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പൂതാടി, പനമരം പഞ്ചായത്തിലെ നടവയൽ മേഖലയിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന കാട്ടാന ശല്യത്തിന് അറുതിയില്ല. കഴിഞ്ഞ മൂന്ന് ദിവസമായി നടവയൽ ടൗണിനോട് ചേർന്നിറങ്ങുന്ന കാട്ടാനക്കൂട്ടം വൻ നാശനഷ്ടമാണ് തീർത്തത്. ടൗണിൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിന് സമീപത്തെ സിഎംസി മൗണ്ട് കാർമൽ പ്രൊവിൻഷ്യൽ ഹൗസ്, കൃപാനിധി സ്റ്റഡി സെന്റർ എന്നിവിടങ്ങളിൽ മാത്രം കാട്ടാനകളുടെ തുടർച്ചയായുള്ള താണ്ഡവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്. വേലി കെട്ടി സുരക്ഷിതമായി കൃഷി ചെയ്തിരുന്ന വാഴ, വളർത്തു പുല്ല്, തെങ്ങ്, റബർ തുടങ്ങിയവയെല്ലാം കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. 
മൂപ്പെത്താത്ത വാഴകളാണു നശിപ്പിച്ചവയിൽ ഭൂരിഭാഗവും. 3 കാട്ടാനകളാണ് ഇവിടെ സ്ഥിരമായി ഇറങ്ങി നാശനഷ്ടം തീർക്കുന്നത്. ഇന്നലെ രാത്രി സിഎംസി മൗണ്ട് കാർമൽ പ്രൊവിൻഷ്യൽ ഹൗസിലെ കൃഷിയിടത്തിൽ എത്തിയ കാട്ടാനകളെ വനം വകുപ്പ് എത്തിയാണ് തുരത്തിയത്. പാതിരി സൗത്ത് സെക്‌ഷനിലെ വണ്ടിക്കടവ് ഭാഗത്തുനിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. ചൊവ്വാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൾ പള്ളിത്താഴത്ത് ഉണ്ണിക്കുന്നേൽ സജി മാത്യു, ബാബു മാത്യു, ജോസ് അഗസ്റ്റിൻ യു.വി ജോസഫ് എന്നിവരടക്കം ഒട്ടേറെ കർഷകരുടെ കൃഷികളും കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ, ടാങ്ക്, മൺ കയ്യാല, മുള്ളുവേലി, കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതവേലി എന്നിവ തകർത്തു. വാഴകൾ നശിപ്പിക്കുന്ന കാട്ടാനകൾ കുലകൾ ഭക്ഷിക്കാറില്ല. കൂടാതെ പ്ലാവിൽ നിന്ന് പറിച്ചിടുന്ന ചക്കകളിൽ വലിയ ചക്കകൾ മാത്രമേ ഭക്ഷിക്കുന്നുള്ളു. പല പ്ലാവുകളുടെ ചുവട്ടിലും കാട്ടാന പറിച്ച ചെറിയ ചക്കകൾ കൂടി കിടക്കുകയാണ്. 5 വർഷത്തിന് ശേഷമാണ് ഈ പ്രദേശത്ത് കാട്ടാനകളെത്തി വാഴകൾ അടക്കം നശിപ്പിച്ചതെന്ന് ഉണ്ണിക്കുന്നേൽ സജി പറഞ്ഞു. വണ്ടിക്കടവ് വഴി ഇറങ്ങുന്ന കാട്ടാന പേരൂർ വയൽ വഴിയാണ് മടങ്ങുന്നത്. 
വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർന്നു കിടക്കുന്നതാണ് ഈ പ്രദേശത്ത് കാട്ടാന ശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കൃഷിനാശം ഉണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടനടി വിതരണം ചെയ്യണമെന്നുമാണ് കർഷകരുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *