വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി വയനാട്: കണ്ണീരിന് അറുതിയില്ലാതെ കർഷകർ
കല്‍പ്പറ്റ: വയനാട്ടിൽ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കൃഷിസ്ഥലങ്ങളെല്ലാം മൃഗങ്ങൾ നശിപ്പിക്കുന്ന പതിവാണ് ഇപ്പോൾ കാണാറുള്ളത്.
കടുവ, പുലി, ആന ,കാട്ട് പോത്ത്, തുടങ്ങി നിരവധി മൃഗങ്ങളാണ് കാർഷിക സ്ഥലങ്ങൾ നശിപ്പിക്കുന്നത്. പന വല്ലിയിൽ കാട്ടാനയാണങ്കിൽ ,പൊഴുതനയിൽ പുലി ,മേപ്പാടി ഭാഗത്ത് ആനയും കാട്ടുപോത്തും. നൂൽപുഴയിലും സ്ഥിതി വിഭിന്നമല്ല. കാർഷിക വിളകൾ തിന്നുകയും നശിപ്പിക്കുകയും മാത്രമല്ല പ്രാണഭയത്തിലും കൂടെയാണ് വനാതിർത്തിയിലെ കർഷകർ താമസിക്കുന്നത്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുൾപ്പെടെ നിരവധി വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. വളർത്തു മൃഗങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്യുന്നു. വാഴ, കപ്പ, ചേന, ഇഞ്ചി, നെല്ല്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ നശിപ്പിക്കുന്നത് കാരണം കൃഷിയിറക്കാൻ കർഷകർ മടിക്കുകയാണ്. പനവല്ലിയിൽ ദിവസങ്ങളായി വിഹരിക്കുന്ന കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഒന്നിലധികം കടുവ ജനവാസ കേന്ദ്രത്തിലുണ്ടെന്നാണ് പറയുന്നത്. ദിവസങ്ങളായി വനം വകുപ്പും നാട്ടുകാരും കൂട് വെച്ച് കടുവയെ പിടിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. നൂൽപുഴ പഞ്ചായത്തിലെ എർളോട്ടുകുന്നിൽ ഇറങ്ങിയ കടുവയെ ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റ പ്രദേശം കാട്ടാന ഭീതിയിലായിട്ട് ദിവസങ്ങളായി. സന്ധ്യ കഴിഞ്ഞാല്‍ ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.അതിർത്തി ഗ്രാമങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും നടപടിയുണ്ടാവുന്നില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കർഷകർക്ക് നഷ്ടപരിഹാരവും വളരെ വേഗത്തിൽ ലഭിക്കുന്നില്ലെന്ന് ഇവർക്ക് പരാതിയുണ്ട്.






Leave a Reply