June 16, 2026

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി

0
20240225 112027
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വരൾച്ച പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം. ജല ലഭ്യത ഉറപ്പാക്കാൻ ജല സ്രോതസ്സുകൾ സംബന്ധിച്ച് കർമ്മ പദ്ധതി രൂപീകരിക്കാൻ ജല വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. ചികിത്സ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകൾ നടത്തണം. ലോകസഭ തിരഞ്ഞടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂൾ, അങ്കണവാടികൾ പൊളിക്കുകയോ രൂപമാറ്റം ചെയ്യരുതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷക്ക് മുന്നോടിയായി സൂക്കുളുകളിൽ സൗകര്യം ഒരുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെട്ടു. എസ്.എസ്.ആർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുമെന്നും ഓഫീസുകളിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

നെല്ലാറച്ചാൽ ടൂറിസം വികസന കേന്ദ്രത്തിൻ്റെ നമ്പർ ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന സമയബന്ധിതമായി നടത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. വനം-വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃത മാറ്റം വരുത്തുന്നതിന് കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ വനം വകുപ്പ് കത്ത് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അമ്പലവയൽ കാരാപ്പുഴ റോഡിന് 90 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ടെണ്ടർ നടപടിയും പൂർത്തിയായതായും കാക്കവയൽ-വാഴവറ്റ റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നതായും റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിനും ജനവാസകേന്ദ്രങ്ങളിലും പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് നബാർഡ് ആർ.ഐ.ഡി.എഫ് സമഗ്ര പദ്ധതി തയ്യാറാക്കുന്നതായും റിപ്പോർട്ട് സമയബന്ധിതമായി നൽകുമെന്നും കളക്ടർ അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി സ്‌കൂളുകളിൽ നടത്തിയ റസിഡൻഷ്യൽ ക്യാമ്പുകളുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതായി ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസർമാർ അറിയിച്ചു. മാവിലാന്തോട് പഴശ്ശി സ്മാരകം-ചീങ്ങേരി എന്നീ കെട്ടിടങ്ങൾക്ക് നമ്പർ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിൽ 33 ഏക്കർ സ്ഥലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് വനം വകുപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ പറഞ്ഞു.

 

പ്രിയദർശനി ടി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂണിറ്റിലെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടത്താൻ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകി. സുൽത്താൻബത്തേരി ചുങ്കം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിന് സ്വകാര്യഭൂമി ഏറ്റെടുക്കൽ സാധ്യത പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് എംപി പ്രതിനിധി കെ.എൽ.പൗലോസ് ആവശ്യപ്പെട്ടു. എം.പി.യുടെ ഫണ്ടിൽ നിന്നും ജില്ലയിലെ അഞ്ച് സ്‌കൂളുകൾക്ക് അനുവദിച്ച സ്‌കൂൾ ബസ് ലഭ്യമായതായും രണ്ട് സ്‌കൂളുകൾക്ക് ഉടൻ തന്നെ ബസുകൾ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ യോഗത്തിൽ പറഞ്ഞു. ജില്ലാ ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, എം.പി പ്രതിനിധി കെ.എൽ പൗലോസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *