എസ്എഫ്ഐക്ക് പങ്കില്ല സിദ്ധാർഥിന്റെ ആത്മഹത്യ : സമഗ്രമായ അന്വഷണം നടത്തണം – പി എം ആർഷോ
കൽപ്പറ്റ:
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.
സംഭവത്തിൽ എസ്എഫ്ഐക്ക് യാതൊരു പങ്കുമില്ല. അത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പി എം ആർഷോ പറഞ്ഞു.
രാഷ്ട്രീയപരമായോ സംഘടനാപരമായോ യാതൊരു പ്രശ്നങ്ങളും കാമ്പസിൽ നിലവിലില്ല. ചില തെറ്റായ പ്രവർത്തനം കാമ്പസിലെ ഏതാനം വിദ്യാർഥികൾ നടത്തിയിട്ടുണ്ട്. അതിനെ ഒരു തരത്തിലും എസ്എഫ്ഐ അംഗീകരിക്കുന്നില്ല.
സിദ്ധാർഥിന്റെ മരണത്തിന് ശേഷം 22–ാം തീയതിയാണ് അക്രമം നടന്നതായും മർദനമേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആരോപണ വിധേയരായ പന്ത്രണ്ടോളം പേരുടെ വിവരം പുറത്തുവന്നു.
ഇതിൽ നാല് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. അടുത്ത ദിവസം തന്നെ ഇവരെ സംഘടനയിൽ നിന്നും പുറത്താക്കി. ഇത്തരക്കാരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും എസ്എഫ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഇനി മാറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ഉണ്ടാവണം.
കാമ്പസിലെ ചില അധ്യാപകർ നിരപാധികളായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നുണ്ട്.എസ്എഫ്ഐക്കെതിരെ മൊഴി നൽകാനും പ്രേരിപ്പിക്കുകയാണ്. സംഭവ ദിവസം കാമ്പസിൽ ഇല്ലാത്ത വിദ്യാർഥികളെ പോലും പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ഉണ്ട്. ഇത് തിരുത്തണമെന്നും ആർഷോ പറഞ്ഞു.





Leave a Reply