നവകേരളം കെട്ടിപ്പടുക്കാന്‍ ഐക്യവും നിശ്ചയദാര്‍ഢ്യവും ഭാവിയിലും തുടരണം: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
മാനന്തവാടി:
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിലും കേരളം രാജ്യത്തെ പ്രകാശിപ്പിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശേഖരിച്ച് എത്തിച്ച വീട്ടുപാത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ദുരിതത്തെ മാതൃകപരമായി നേരിട്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ കേരളം ഇന്ത്യയുടെ യശ്ശസുയര്‍ത്തി. രാജ്യത്തിനും പ്രചോദനമായി.
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി നിന്നു. നവകേരളം കെട്ടിപ്പടുക്കാന്‍ ഈ ഐക്യവും നിശ്ചയദാര്‍ഢ്യവും ഭാവിയിലും തുടരണം പിഴവുകളില്ലാതെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രതിസന്ധികള്‍ക്കിടയിലും അചഞ്ചലനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി മാതൃകാ ഭരണാധികാരിയായി.
പ്രളയം ഏറെ ദുരിതത്തിലാക്കിയത് വനിതകളെയും കുട്ടികളെയും ഏറ്റവും പിന്നോക്കമുള്ള ആദിവാസികളെയുമാണ്. 24 മണിക്കൂറും സേവന നിരതരായി സര്‍ക്കാരും സംവിധാനങ്ങളും ദുരിതത്തെ നേരിട്ടു. മാതൃകാപരമായ രക്ഷാപ്രവര്‍ത്തനത്തെ സൈനീക മേധാവികളും അഭിനന്ദിച്ചു.
കഠിനമായ സാഹചര്യത്തിലൂടെയാണ് കേരളജനത കടന്നുപോകുന്നത്. മലയാളികളുടെ ഐക്യം ലോകം പ്രശംസിച്ചപ്പോഴും ചില സങ്കുചിത മനസ്‌ക്കര്‍ സോഷ്യല്‍ മീഡിയവഴി കുപ്രചാരണങ്ങള്‍ നടത്തി. വര്‍ഗീയമായി പോലും കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ട സമയമല്ലിത്. നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, വൈദ്യുത സംവിധാനങ്ങള്‍ എല്ലാം പുനര്‍നിര്‍മിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനും നേതൃത്വം നല്‍കും. മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഒരുമ ഇക്കാര്യത്തിലും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ മഹിളാ അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അഡ്വ. പി സതീദേവി, എം വി സരള എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി പി ആര്‍ നിര്‍മല സ്വാഗതവും പി ആര്‍ നിര്‍മല നന്ദിയും പറഞ്ഞു. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എംഎല്‍എമരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ലീല, പി പി ദിവ്യ, പി പി തമ്പായി, വി ലീല, പി റോസ, സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply