വരൾച്ച: കൃഷി നാശത്തിന് സഹായം ലഭ്യമാക്കണം – സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: വരൾച്ചയിൽ കൃഷി നാശമുണ്ടായ ജില്ലയിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും, കൃഷിമന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത രൂക്ഷമയ വരൾച്ചയും കനത്ത കൃഷിനാശവുമാണ് ഈ വർഷം വയനാട് ജില്ലയിൽ ഉണ്ടായിട്ടുള്ളത്.
വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ അടുത്ത കാലത്തൊന്നും കഴിയാത്ത സാഹചര്യത്തിലാണ് വയനാട്. നെല്ല്, കാപ്പി, കുരുമുളക്, തെങ്ങ്, കവുങ്ങ്, റബ്ബർ, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഹൃസ്വ വിളകൾ തുടങ്ങിയവയെയെല്ലാം വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്. ഓരോ കർഷകന്റെയും ജീവിത ചിലവിന്റെയും വായ്പാ തിരിച്ചടവിന്റെയും മാർഗ്ഗങ്ങളാണ് കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയിട്ടുള്ളത്.
സർക്കാറിന്റെ വിദഗ്ദ സമിതി ഫിബ്രവരി – മാർച്ചിൽ നടത്തിയ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്. 288 ഹെക്ടറിൽ 6.77 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. 2863 കർഷകരെ വരൾച്ച ബാധിച്ചതായും വിദഗ്ദ സമിതി സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദഗ്ദ സമിതിയുടെ കണക്കിനെക്കാൾ ഇരട്ടിയിലേറെ നാശനഷ്ടമാണ് ജില്ലയിലുണ്ടായിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വയനാട്ടിലെ കർഷകർ സമാനത കളില്ലാത്ത പ്രതിസന്ധി നേരിടുകയാണിന്ന്.
സർക്കാറിന്റെ ഭാഗത്തു നിന്നും ആവശ്യമായ കൈതാങ്ങ് നൽകി, വയനാടൻ കാർഷിക മേഖല നടുവൊടിഞ്ഞ് വീഴുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള സത്വര നടപടികളാണ് വയനാടിനുണ്ടാവേണ്ടത്. 2018ലെ വെള്ളപ്പൊക്കത്തിൽ കൃഷിക്കുണ്ടായ നാശത്തിന്റെ നഷ്ടപരിഹാരതുകയും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെടു.





Leave a Reply