വനത്തില്‍ യൂക്കാലി കൃഷി പുനരാരംഭിക്കാനുള്ള നീക്കം, ജനങ്ങളോടുള്ള വെല്ലുവിളി: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: വനത്തില്‍ യൂക്കാലിപ്ട്‌സ് കൃഷി പുനരാരംഭിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വനം വകുപ്പിന്റെ നീക്കത്തെ ചെറുക്കാന്‍ തീരുമാനിച്ചു. പശ്ചിമഘട്ടത്തില്‍ വയനാട്ടിലടക്കം കര്‍ഷകഗ്രാമങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിനും തീരാദുരിതത്തിനും പ്രധാനകാരണം വനത്തിലെ തേക്ക്, യൂക്കാലിപ്ട്‌സ്, അക്കേഷ്യ തോട്ടങ്ങളാണ്. ഇത്തരം ഇനം വൃക്ഷങ്ങള്‍ കാട്ടില്‍ നടുന്നത് വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെയും 2021ലെ കേരള വന നയത്തിന്റെയും നഗ്‌നമായ ലംഘനമാണ് കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന് യൂക്കാലിപ്ട്‌സ് നടാന്‍ അനുമതി നല്‍കുന്ന വനം മേധാവിയുടെ ഉത്തരവ്.
മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും കാട്ടില്‍ വെള്ളവും തീറ്റയും ഉറപ്പുവരുത്തലും ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയും മുഖ്യമന്ത്രി നിയമിച്ച അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ സമിതിയും ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ തീരുമാനമെടുത്തത് ഞെട്ടിക്കുന്നതാണ്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കെടുകാര്യസ്ഥതയും മൂലം പ്രവര്‍ത്തനം നിലച്ച ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെയും പ്രതിസന്ധി നേരിടുന്ന കെഎഫ്ഡിസിയെയും പുതിയ കറവപ്പശുവാക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് യൂക്കാലിപ്ട്‌സ് കൃഷി പദ്ധതിയെന്നു സംശയിക്കണം. വനത്തില്‍ യൂക്കാലിപ്ട്‌സ് കൃഷി പുനരാരംഭിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാകുമെന്ന് കരുതാനാകില്ല. മുമ്പ് നടന്ന യൂക്കാലിപ്ട്‌സ് കൃഷിയുടെ തിക്തഫലങ്ങളാണ് വയനാട് നേരിടുന്ന വരള്‍ച്ചയും ജലക്ഷാമവും വന്യമൃഗശല്യവും.
നൂറു കണക്കിന് ഏക്കര്‍ നെല്‍വയല്‍ കൃഷിയോഗ്യമല്ലാതാകുന്നതിനും കബനി നദിയുടെ കൈവഴികള്‍ വറ്റുന്നതിനും യൂക്കാലിപ്ട്‌സ് കൃഷി കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply