പരിസ്ഥിതി ലോലമേഖല: ജനവാസ മേഖലയും കൃഷി ഭൂമിയും ഇല്ലെന്ന് ഉറപ്പു വരുത്തണം – സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് റിപ്പോർട്ടിനും ആക്ഷേപങ്ങൾ നൽകുന്നതിനുമായി ലഭ്യമാക്കിയ അന്തിമ ഭൂപടങ്ങളുടെ പകർപ്പിൽ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കി റിപ്പോർട്ട് നൽകാൻ ഗ്രാമപഞ്ചായത്തുകൾ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ 13 വില്ലേജുകളാണ് ഇ.എസ്.എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇ.എസ്.എ ബൗണ്ടറി കൃത്യമായി പരിശോധന നടത്താതെ ഗൂഗിൾ എർത്തിന്റെ സഹായത്തോടെ ഓഫീസിലിരുന്ന് തയ്യാറാക്കിയ വീഴ്ചകൾ ജനങ്ങളെയാണ് ബാധിക്കുന്നത്.
സാങ്കേതിക വിദഗ്ധരുടെയും വില്ലേജ്, കൃഷി, റവന്യൂ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശോധനയിലൂടെ ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും ഒഴിവാക്കി അതിർത്തി മാർക്ക് ചെയ്യാൻ നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു.
കടക്കെണി, ആത്മഹത്യകൾ, ജപ്തി നടപടികൾ, കൃഷിനാശം, വന്യമൃഗശല്യം, തൊഴിലാളി ക്ഷാമം, കർഷകപെൻഷൻ കുടിശ്ശിക തുടങ്ങിയ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും, കർഷക ആത്മഹത്യകൾ തടയാൻ ജില്ലാ കലക്ടർ സംസ്ഥാന സർക്കാറിന് നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ മെമ്പർഷിപ്പടിസ്ഥാനത്തിലുള്ള മണ്ഡലം കമ്മിറ്റികൾ ജൂൺ 25നകവും ജില്ലാ കമ്മിറ്റി 30നും രൂപീകരിക്കാൻ തീരുമാനിച്ചു.
ഹംസ ഹാജി കല്ലിടുമ്പൻ, അഹമ്മദ് പൊരളോത്ത്, മായൻ മുതിര, അലവി വടക്കേതിൽ, ലത്തീഫ് അമ്പലവയൽ, ഇബ്രാഹിം തൈ തൊടി, ഉസ്മാൻ പുഴക്കൽ, നാസർ കേളോത്ത്, അസൈനാർ കല്ലുടുമ്പൻ, അസ് ലം തങ്ങൾ പ്രസംഗിച്ചു.





Leave a Reply