നാശം വിതച്ച് കാട്ടാനകൂട്ടം
പുൽപള്ളി: കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസംമാണ് കര്‍ണാടക വനമേഖലയില്‍ നിന്നും പുഴ കടന്ന് കാട്ടാനക്കൂട്ടം ചേകാടിയിലെ വിലങ്ങാടി ഭാഗത്ത് എത്തിയത്. കൃഷിയിടങ്ങളില്‍ എത്തിയ ആനകളെ തുരത്താന്‍ വനപാലകർ പടക്കം പൊട്ടിചെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ വനാതിർത്തിയിൽ ഫെന്‍സിങില്‍ വൈദ്യുതി പ്രവാഹമുണ്ടായിരുന്നതിനാലാണ് ആനകള്‍ക്ക് തിരികെ കാടുകയറാന്‍ കഴിയാതിരുന്നത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ഫെന്സിങിലെ വൈദ്യുതി നിലച്ചതോടെയാണ് ആനകള്‍ കാട്ടിലേക്ക് തിരികെ കയറിയത്.
പ്രദേശവാസികളായ വിലങ്ങാടി പ്രസാദ്, കവിക്കല്‍ വിനേഷ്, അണമല വിജീഷ്, വിലങ്ങാടി രാജഗോപാലന്‍ എന്നിവരുടെ കൃഷിയിടങ്ങൾ ആനക്കൂട്ടം നശിപ്പിച്ചു. ചേകാടിയിലെ വനാതിര്‍ത്തികളില്‍ ഫെന്‍സിങ് ഉണ്ടെങ്കിലും പുഴയുടെ ഭാഗത്ത് ഫെന്‍സിങ് ഇല്ല. ആയതിനാൽ ഈ ഭാഗത്തുകൂടി ഫെന്‍സിങ് സ്ഥാപിച്ച് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് കടക്കുന്നത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





Leave a Reply