May 1, 2026

വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കണം: എന്‍ ഡി അപ്പച്ചന്‍

0
20240708 091045
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് കൂടുതല്‍ നടപടികളിലേക്ക് കടക്കണമെന്നും, രാത്രികാലങ്ങളില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹം സി സി എഫിന് നിവേദനം നല്‍കി.

വയനാട്ടില്‍ സമീപകാലത്ത് മറ്റ് വന്യമൃഗങ്ങള്‍ക്കൊപ്പം കാട്ടാനശല്യവും അതിരൂക്ഷമാണ്. എന്നാല്‍ കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി കാര്യമായ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ വയനാട്ടിലെ കര്‍ഷകരടക്കമുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്. ജനവാസമേഖലകളില്‍ കൂട്ടത്തോടെയെത്തുന്ന കാട്ടാനകളെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി അത്യാധുനീകരീതിയിലുള്ള ഫെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിയായ സമരങ്ങളാണ് കോണ്‍ഗ്രസും, കര്‍ഷക സംഘടനകളും നടത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമാവുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തുക മാത്രമാണ് ചെയ്യുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ജില്ലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെയെത്തി കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം, വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവും, തൊഴുത്തും ഉള്‍പ്പെടെ നശിപ്പിച്ച സംഭവവുമുണ്ടായി. പട്ടാപ്പകല്‍ പോലും വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ വിഹരിക്കുകയാണ്. വനാതിര്‍ത്തിഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് കാട്ടാനപ്പേടി കൊണ്ട് ഉറങ്ങാന്‍ പോലുമാവുന്നില്ല. അതുകൊണ്ട് തന്നെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വനംവകുപ്പ് അടിയന്തര ശ്രദ്ധ ചെലുത്തണം. രാത്രികാല പട്രോളിംഗിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപടിയുണ്ടാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *