June 23, 2026

വയനാട് ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കണം- ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20240714 141836
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വേണു. വി. ഐ.എ.എസ് എന്നിവര്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കീഴില്‍ ഏഴോളം എക്കോ ടൂറിസം സെന്ററുകളുണ്ട്. ഇവിടങ്ങളില്‍ 200 ല്‍ അധികം തൊഴിലാളികള്‍ തൊഴില്‍ എടുത്ത് വരുന്നുണ്ട്. എന്നാല്‍ 2024 ഫെബ്രുവരി 17 മുതല്‍ ജില്ലയില്‍ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും അടഞ്ഞു കിടക്കുകയാണ്.

 

 

കാട്ടാന ആക്രമണത്തില്‍ കുറുവ വനസംരക്ഷണ സമിതി ഗൈഡ് മരണപ്പെട്ടതിനു ശേഷമാണ് ഈ സെന്ററുകള്‍ എല്ലാം അടച്ചിട്ടുള്ളത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് മൃഗസംരക്ഷണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒന്നും ഇല്ല എന്ന് ഗവണ്‍മെന്റ് കോടതിയില്‍ അറിയിക്കുകയാണെങ്കില്‍ മാത്രമേ കേസ് തീര്‍പ്പാക്കുകയുള്ളൂ. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത് വിനോദ സഞ്ചാരത്തെ ഏറെ ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്കും, ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍, കരകൗശല വില്‍പന ശാലകള്‍, പ്രാദേശിക കാര്‍ഷിക ഉല്‍പന്ന കടകള്‍, വാഹന ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ എന്നിവര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, സാമ്പത്തികമായി വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമാണ് പ്രസ്തുത സെന്ററുകളിലെ തൊഴിലാളികളില്‍ അധികവും. കൂടാതെ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് തുടങ്ങിയിട്ടുള്ള ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവ എല്ലാം ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ്.

 

നേരത്തെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുടേയും, ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ നടന്ന മീറ്റിംഗില്‍ ഈ കാര്യം ഗൗരവമായി പറഞ്ഞിരുന്നു. ഈ അടച്ച് പൂട്ടല്‍ മൂലം ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുകയും, ജില്ലയുടെ മുഴുവന്‍ സമ്പദ് വ്യവസ്ഥയ്ക്കും വിപുലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഈ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധിയാളുടെ കുടുംബം പട്ടിണിയിലായ സ്ഥിതിയുമാണ്. നേരത്തെയും ടൂറിസം സെന്ററുകളില്‍ അപകടം സംഭവിച്ചിട്ടുണ്ട്. അപകടം സംഭവിച്ച സെന്റര്‍ മാത്രം അടച്ചിട്ട് മറ്റ് സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കുറുവയില്‍ സംഭവിച്ച അപകടം മൂലം ജില്ലയിലെ മുഴുവന്‍ സെന്റുകളും അടച്ചിടേണ്ട ആവശ്യമില്ല. ഈ അടച്ചിടല്‍ ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാല്‍പ്പര്യം കൊണ്ട് മാത്രമാണ്. ബഹു.കേരളാ മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തില്‍ നേരത്തെ ഇത് ആവശ്യപ്പെട്ടിട്ടും, നടപടി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എം.എല്‍.എ വീണ്ടും നിവേദനം നല്‍കിയത്.

 

മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത ഗോത്രവര്‍ഗ വിഭാഗത്തിലെയും, മറ്റ് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഏകയാശ്രയമായിരുന്ന ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും, തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ തൊഴിലാളികളുടെ കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *