പുനരധിവാസം: വയനാട്ടില്‍ 650 താത്കാലിക വീടുകളുടെ നിര്‍മാണം തുടങ്ങി
കല്‍പറ്റ-കാലവര്‍ഷത്തിനിടെ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളംകയറിയും വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായ കുടുംബങ്ങളുടെ താത്കാലിക പുനരധിവാസത്തിനുള്ള ഷെല്‍ട്ടര്‍ നിര്‍മാണം വയനാട്ടില്‍ തുടങ്ങി. 650 താത്കാലിക ഭവനങ്ങളുടെ നിര്‍മാണമാണ് സന്നദ്ധസംഘടനകള്‍ നടത്തുന്നത്. ബംഗളൂരുവിലെ പ്രൊജക്ട് വിഷന്‍ നേതൃത്വത്തില്‍ 328-ഉം ഡല്‍ഹിയിലെ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എജ്യുക്കേഷണല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി(സീഡ്) 253-ഉം താത്കാലിക വീടുകളുടെ നിര്‍മാണം ഏറ്റെടുത്തിട്ടുണ്ട്. കണിയാമ്പറ്റ മണ്ണ് ഉള്‍പ്പടെ മറ്റു സന്നദ്ധസംഘടനകള്‍ക്കാണ് ബാക്കി വീടുകളുടെ പ്രവൃത്തി ചുമതല.
സുവര്‍ണ കര്‍ണാടക കേരള സമാജം, ഹാബിറ്റാറ്റ്, ഫെഡിലിറ്റി എന്നിവയുടെ സഹകരണത്തോടെ പ്രൊജക്ട് വിഷന്‍ പനമരം പഞ്ചായത്തില്‍ 252-ഉം എടവകയില്‍ 13-ഉം തവിഞ്ഞാലില്‍ 38-ഉം തൊണ്ടര്‍നാട് 15-ഉം വെള്ളമുണ്ട പഞ്ചായത്തില്‍ പത്തും താത്കാലിക വീടുകളാണ് പണിയുന്നത്. പ്രളയത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഭവനരഹിതരായ പനമരം പഞ്ചായത്തിലാണ് പ്രൊജക്ട് വിഷന്‍ ഷെല്‍ട്ടര്‍ നിര്‍മാണം തുടങ്ങിയത്. പ്രവൃത്തി ഉദ്ഘാടനം കൊളത്താറ ആദിവാസി കോളനിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ നിര്‍വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍. ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി, പ്രൊജക്ട് വിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, ജില്ലാ രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം, പ്രസിഡന്റ് ജോണി പാറ്റാനി, കോ ഓര്‍ഡിനേറ്റര്‍മാരായ ഷനൂപ് ജോര്‍ജ്, ജോമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ സഹകരിക്കുന്ന സുവര്‍ണ കര്‍ണാടക കേരള സമാജം, ഐഫോ, ഹാബിറ്റാറ്റ്, ഫിഡലിറ്റി, ക്ലൂണി സിസ്റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ കേരള എന്ന പേരിലാണ് ജില്ലയില്‍ പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത്. പ്രവൃത്തി ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണന്താനം അറിയിച്ചു. ഗുണഭോക്താക്കളില്‍ ഏറെയും ₹ആദിവാസികളാണ്.
കുറഞ്ഞ ചെലവ്, പെട്ടെന്നുള്ള പൂര്‍ത്തീകരണം, നിര്‍മാണവസ്തുക്കളുടെ പുനരുപയോഗം എന്നീ ഐക്യരാഷ്ട്രസംഘടനാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത്.ഗുണഭോക്താക്കളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് കേരളയുടെയും സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണം.
പനമരത്ത് പത്തു ദിവസത്തിനകം 100 വീടുകളുടെ പണി പൂര്‍ത്തിയാക്കുമെന്നു പ്രൊജക്ട് വിഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയാല്‍ വിഭാവനം ചെയ്തിലും വേഗത്തില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നു അവര്‍ അവകാശപ്പെട്ടു. സന്നദ്ധസേവനത്തിനെത്തുന്നവര്‍ക്കു ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ പരിശീലനത്തിനു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് പ്രൊജക്ട് വിഷന്‍ പണിയുന്ന ഷെല്‍ട്ടര്‍. കക്കൂസും നിര്‍മിക്കുന്നുണ്ട്. യൂണിറ്റിനു 20,000 രൂപയാണ് ഏകദേശ നിര്‍മാണച്ചെലവ്.
മൂന്നു വര്‍ഷംവരെ ഉപയോഗിക്കാവുന്നതും യൂണിറ്റിനു 80,000 രൂപ ചെലവ് കണക്കാക്കുന്നതുമായ ഷെല്‍ട്ടറുകളാണ് സീഡ് നിര്‍മിക്കുന്നതെന്നു പ്രൊജക്ട് മാനേജര്‍ വി. അജയകുമാര്‍ പറഞ്ഞു. മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ 69-ഉം പൊഴുതന പഞ്ചായത്തില്‍ 48-ഉം വൈത്തിരിയില്‍ 23-ഉം വെങ്ങപ്പള്ളിയില്‍ 18-ഉം കോട്ടത്തറയില്‍ 34-ഉം മുള്ളന്‍കൊല്ലിയില്‍ മൂന്നും പുല്‍പള്ളിയില്‍ 11-ഉം തരിയോട്-20-ഉം പൂതാടി പഞ്ചായത്തില്‍ 27-ഉം വീടുകളുടെ നിര്‍മാണമാണ് സീഡ് എറ്റെടുത്തത്. അടുത്ത ആഴ്ചയില്‍ ആരംഭിക്കുന്ന പ്രവൃത്തി 40 ദിവസത്തിനകം പൂര്‍ത്തയാക്കാനാണ് പദ്ധതിയെന്നു പ്രൊജക്ട് മാനേജര്‍ പറഞ്ഞു. സീഡ് പ്രവര്‍ത്തകര്‍ ഓഗസ്റ്റ് 23 മുതല്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. താതാകാലിക ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് ഒമ്പതു പേരാണ് രംഗത്ത്. സീഡ് നിയോഗിച്ച മൂന്നു ഡോക്ടര്‍മാരും ജില്ലയില്‍ സേവനം ചെയ്യുന്നുണ്ട്.





Leave a Reply