Breaking News: പലയിടത്തും കനത്ത മഴ: ബാണാസുര ഡാമിന്റെ ഷട്ടർ തുറന്നു: സൈന്യമെത്തി: വയനാട്ടിലും ജാഗ്രതാ നിർദേശം
കൽപ്പറ്റ: അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായി ന്യൂനമർദം രൂപപ്പെടുന്നതിനാൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചിട്ടുണ്ട്. വയനാട്ടിലെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു .ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മുൻകരുതൽ എന്ന നിലയിൽ സൈന്യം വയനാട്ടിലെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ ചെന്നൈയിൽ നിന്നുള്ള 25 അംഗ സംഘമാണ് കലക്ട്രേറ്റിലെത്തിയത്.
. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വെള്ളിയാഴ്ച മഴ കുറവായിരുന്നെങ്കിലും മുൻ കരുതൽ എന്ന നിലയിൽ ഒരു ഷട്ടർ പത്ത് സെന്റീമീറ്റർ തുറന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബാണാസുര സാഗർ ഡാമിൽ നിന്ന് 55 ക്യുമെക്സ് വരെ വെള്ളം ഇന്ന് വൈകുന്നേരം നാലര മണിയോടെ തുറന്നുവിട്ടത്. 771.60 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയപ്പോഴാണ് ഷട്ടർ തുറന്നത്. 775. 6 മീറ്ററാണ് പരമാവധി ജലനിരപ്പ് .
കരമാൻതോടിലുടെ പനമരം പുഴയിലേക്കാണ് വെള്ളം ഒഴുകിപ്പോകുന്നത് എന്നതിനാൽ കരമാൻതോടിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
മഴകെടുതികൾ നേരിടാനായി ജില്ലയിൽ എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്.
• ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണം
• ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
• പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
• മലയോര മേഘലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
• മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
• . ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
• ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
• പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക
• കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്ന് കലക്ടർ അറിയിച്ചു.





Leave a Reply