ആധാരമെഴുത്തുകാരുടെ ഉത്സവബത്ത 1500 രൂപയായി വര്‍ദ്ധിപ്പിച്ചു : മന്ത്രി ജി.സുധാകരന്‍
കേരള ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണക്കാലത്തുള്ള ഉത്സവബത്ത 1500 രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍കുവാന്‍ തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഉത്സവബത്ത വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 09.09.2019 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കുന്നതാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആധാരമെഴുത്ത് ലൈസന്‍സികളുടെ വിവിധ സംഘടനകള്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേമനിധി പദ്ധതിയില്‍ ഭേദഗതി വരുത്തി 2018 ല്‍ 1000 രൂപ ഉത്സവബത്തയായി അനുവദിച്ചിരുന്നു. ഈ തുകയില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വേണമെന്ന ആധാരമെഴുത്ത് സംഘടനകളുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ 1500 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്ഷേമനിധിയിലെ 7000 ഓളം അംഗങ്ങള്‍ക്കാണ് ഓണസമ്മാനമായി ഉത്സവബത്ത ലഭിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.





Leave a Reply