April 19, 2024

പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ

0
 
പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും വലിയ സാമൂഹ്യാരോഗ്യ കേന്ദ്രമാണിത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചത്.
ആശുപത്രിയുടെ താഴെയങ്ങാടിക്കടുത്തുള്ള 1 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 2017 ല്‍ 3 കോടി രൂപ എസ്റ്റിമേറ്റില്‍ സമര്‍പ്പിച്ചാണ് നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രളയം മൂലമുണ്ടായ നിര്‍മ്മാണ സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണവും കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായതിനാല്‍ എസ്റ്റിമേറ്റ് പുതിയ നിരക്കിലേക്ക് മാറ്റുന്നതിന് സാധിക്കാതെ വന്നതിനാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിനു വേണ്ടി ആവശ്യമുള്ള കെട്ടിടങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശപ്രകാരം അത്യാവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മൂന്ന് നിലകളിലായി 18,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്.  നാല് നിലകളിലേക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങളും ഫാര്‍മസി, വെയിറ്റിംഗ് സൗകര്യത്തോടു കൂടിയ ഒ.പി സെക്ഷന്‍, എല്ലാ ഭാഗങ്ങളിലും ആവശ്യത്തിനുള്ള ടോയ്‌ലെറ്റുകള്‍, വാഷിംഗ് ഏരിയ, ഓപ്പറേഷന്‍ തിയേറ്റര്‍, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *